‘ഈ 40 വർഷത്തിനിടയിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ല’; ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യ

ബെംഗളുരു: മൈസൂരു ഭൂമി കുംഭകോണക്കേസിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നാല് പതിറ്റാണ്ട് നീണ്ട തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു. കേസിൽ സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തൻ്റെ കരിയറിൽ താൻ മുഖ്യമന്ത്രിയും മന്ത്രിയുമായിരുന്നുവെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഒരിക്കലും അധികാരം ദുരുപയോഗം ചെയ്തിട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. “രാഷ്ട്രീയത്തിൽ പാർട്ടികൾ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്… അതിനാൽ അവർ പ്രതിഷേധിക്കട്ടെ, ഞാൻ ശുദ്ധനാണ്,” എന്ന് പറഞ്ഞ് ബിജെപിയുടെ പ്രതിഷേധത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.

“എനിക്ക് ജുഡീഷ്യൽ സംവിധാനത്തിൽ പൂർണ്ണ വിശ്വാസമുണ്ട്… ഒരു ഹർജി സമർപ്പിച്ചിട്ടുണ്ട്, അത് വാദം കേൾക്കാൻ വരുന്നുണ്ട്. ഗവർണർ അനുവദിച്ച പ്രോസിക്യൂഷൻ റദ്ദാക്കുകയും ഇടക്കാല ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.

അതേസമയം, സിദ്ധരാമയ്യയുടെ ഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് സിംഗിള്‍ ബെഞ്ച് പരിഗണിക്കും. പ്രോസിക്യൂഷന്‍ അനുമതി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സിദ്ധരാമയ്യ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും ബാഹ്യ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയാണ് സിദ്ധരാമയ്യയ്ക്കായി കോടതിയിൽ ഹാജരാകുന്നത്.

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ലേ ഔട്ട് വികസനത്തിന് ഭൂമി വിട്ടു നൽകുന്നവർക്ക്‌ പകരം ഭൂമി നൽകുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി അനധികൃതമായി 14 പ്ലോട്ടുകൾ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാർവതി, മകൻ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരൻ മല്ലികാർജുൻ സ്വാമി ഉൾപ്പടെ ഒമ്പത് പേർക്കെതിരെയാണ് പരാതി ഉയർന്നത്.

More Stories from this section

family-dental
witywide