ആത്മീയ നേതാവ് ചിന്‍മയി കൃഷ്ണ ദാസിന്റെ അറസ്റ്റ് : സംഘര്‍ഷ തീ അണയാതെ ബംഗ്ലാദേശ്, മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ ജനക്കൂട്ടം അടിച്ചുതകര്‍ത്തു

ധാക്ക: ബംഗ്ലാദേശിലെ ചാറ്റോഗ്രാമില്‍ വെള്ളിയാഴ്ച മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ മുദ്രാവാക്യം വിളികളോടെ എത്തിയ ജനക്കൂട്ടം തകര്‍ത്തു. തുറമുഖ നഗരത്തിലെ ഹരീഷ് ചന്ദ്ര മുന്‍സെഫ് ലെയ്‌നില്‍ ഉച്ചയ്ക്ക് 2:30 ഓടെയാണ് ആക്രമണം നടന്നത്. ശാന്തനേശ്വരി മാത്രി ക്ഷേത്രം, ഇതിനു സമീപമുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായത്.

മുദ്രാവാക്യം വിളിച്ചെത്തിയ നൂറുകണക്കിന് ആളുകള്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഷോണി ക്ഷേത്രത്തിനും മറ്റ് രണ്ട് ക്ഷേത്രങ്ങളുടെ കവാടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. അക്രമികള്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചതായി കോട്വാലി പൊലീസ് സ്റ്റേഷന്‍ മേധാവി അബ്ദുള്‍ കരീമും സ്ഥിരീകരിച്ചു.

ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്നസ് (ഇസ്‌കോണ്‍) മുന്‍ അംഗവും ആത്മീയ നേതാവുമായ ചിന്‍മയി കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ചൊവ്വാഴ്ച ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. തലസ്ഥാനമായ ധാക്കയിലും ചാട്ടോഗ്രാമിലും ഉള്‍പ്പെടെ ബംഗ്ലാദേശിലെ വിവിധ സ്ഥലങ്ങളില്‍ ഇത് ഹിന്ദു സമുദായ അംഗങ്ങളുടെ പ്രതിഷേധത്തിന് കാരണമായി.

ഒക്ടോബര്‍ 30 ന്, ഹിന്ദു സമൂഹത്തിന്റെ റാലിക്കിടെ ചാട്ടോഗ്രാമിലെ ന്യൂ മാര്‍ക്കറ്റ് ഏരിയയില്‍ ബംഗ്ലാദേശിന്റെ ദേശീയ പതാകയെ അനാദരിച്ചുവെന്ന് ആരോപിച്ച് ചിന്മയി കൃഷ്ണദാസ് ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ ചാട്ടോഗ്രാമിലെ കോട്വാലി പൊലീസ് സ്റ്റേഷനില്‍ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.

നേതാവിന്റെ അറസ്റ്റിലും ജാമ്യം നിഷേധിച്ചതിലും ചൊവ്വാഴ്ച ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide