വിദ്വേഷ പ്രസംഗങ്ങൾ വിനയായി; ബിജെപി ഒഴിവാക്കിയവരുടെ പട്ടികയിൽ പ്രഗ്യാ സിങ്ങും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയപ്പോൾ, പട്ടികയിൽ ഇടം നേടിയ പേരുകളേക്കാൾ ശ്രദ്ധ നേടിയത് ഒഴിവാക്കിയവരുടെ പേരുകളാണ്. പ്രഗ്യാ സിങ് താക്കൂർ, ഡൽഹിയിൽ നിന്നുള്ള സിറ്റിംഗ് എംപിമാരായ പർവേഷ് സാഹിബ് സിംഗ് വർമ, രമേഷ് ബിധുരി എന്നിവരും ഒഴിവാക്കിയ പേരുകളിൽ ഉൾപ്പെടുന്നു.

പാർലമെൻ്റിനകത്തും പുറത്തും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെയും വിവാദ പരാമർശങ്ങളുടെയും പേരിൽ മൂന്ന് നേതാക്കളും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സംയുക്ത പ്രതിപക്ഷത്തെ നേരിടുന്ന ഈ തിരഞ്ഞെടുപ്പിൽ യാതൊരു പരീക്ഷണങ്ങൾക്കും പാർട്ടി ഒരുക്കമല്ലെന്നതിന്റെ തെളിവായി വേണം ഇവരെ ഒഴിവാക്കിയ നീക്കത്തെ കണക്കാക്കാൻ.

ഭോപ്പാലിൽ പ്രഗ്യാ സിങ്ങിന് പകരം അലോക് ശർമ്മയെയാണ് ബിജെപി കളത്തിലിഖക്കുന്നത്. 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ സിങ്ങിനെ കഴിഞ്ഞ തവണ നാമനിർദേശം ചെയ്‌തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ജയിച്ചതിനു ശേഷമുള്ള അഞ്ചുവർഷം നിരവധി വിവാദങ്ങളിൽ പ്രഗ്യാ സിങ് അകപ്പെട്ടു. ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യത്തിലിറങ്ങിയ ഠാക്കൂർ കബഡി കളിക്കുന്നതും ഗാർബ നൈറ്റ്‌സിൽ പങ്കെടുക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ, മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ “രാജ്യസ്‌നേഹി” എന്ന് വിളിച്ച പ്രസ്താവനയാണ് പ്രഗ്യാ സിങ്ങിന് വലിയ വിനയായത്.

പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് പടിഞ്ഞാറൻ ഡൽഹി എംപിയായിരുന്ന പർവേഷ് സാഹിബ് സിംഗ് വർമ. 2020-ലെ ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷഹീൻ ബാഗ് പ്രതിഷേധത്തിനിടെ പർവേഷ് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെ ദക്ഷിണ ഡൽഹി എം പി രമേഷ് ബിധുരി, അംറോഹ എംപി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത് വലിയ വിവാദമായിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും വീണ്ടും സീറ്റുറപ്പിക്കാൻ മാത്രം കരുത്തില്ലായിരുന്നു ആ ക്ഷമാപണത്തിന് എന്നു വേണം മനസിലാക്കാൻ. മീനാക്ഷി ലേഖി, ഹർഷ് വർധൻ തുടങ്ങി സീനിയ‍ർ നേതാക്കളും ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു.

2024ലെ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ബിജെപിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. പ്രധാനമന്ത്രി മോദിയുടെ ‘വികസിത് ഭാരത് @2047’ എന്ന ആഹ്വാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

2019ലെ തിരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് എല്ലാ സീറ്റും നേടിയ ബിജെപി ഇത്തവണ സംയുക്ത പ്രതിപക്ഷത്തെയാണ് നേരിടുന്നത്. എഎപി നാല് സീറ്റിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് മൂന്നിടത്താണ് മത്സരിക്കുന്നത്. അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിൻ്റെ മകളും അഭിഭാഷകയുമായ ബൻസൂരിയാണ് ന്യൂഡൽഹിയിൽ നിന്ന് ജനവിധി തേടുന്നത്.

More Stories from this section

family-dental
witywide