ഇറാന്റെ ഭീഷണികൾക്കെതിരെ ഇസ്രയേലിനെ പ്രതിരോധിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധം; നെതന്യാഹുവിനോട് ബൈഡൻ

വാഷിംഗ്ടൺ: ഇറാനിൽ നിന്നുള്ള എല്ലാ ഭീഷണികൾക്കും എതിരെ ഇസ്രായേലിൻ്റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്.

ബെയ്റൂട്ടിൽ ഹിസ്ബുള്ള സൈനിക കമാൻഡർ ഫുഹാദ് ഷുക്കറിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബൈഡൻ നെതന്യാഹുവുമായി സംസാരിച്ച് പിന്തുണ അറിയിച്ചത്.

അതേസമയം, ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്‌റാനിൽ കൊലപ്പെടുത്തിയതിനെക്കുറിച്ച് നെതന്യാഹുവിൻ്റെ സർക്കാർ പ്രതികരിച്ചിട്ടില്ല, എന്നാൽ ഇസ്രയേലനാണ് ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ എന്ന് ഹമാസ് ആരോപിച്ചു.

ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ എന്നിവയുൾപ്പെടെ ഇറാനിൽ നിന്നുള്ള എല്ലാ ഭീഷണികൾക്കെതിരെയും ഇസ്രായേലിൻ്റെ സുരക്ഷയിൽ യുഎസിനുള്ള പ്രതിബദ്ധത ബൈഡൻ ആവർത്തിച്ചു. ഇസ്രയേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് ബൈഡൻ ചർച്ച ചെയ്തതായി വൈറ്റ് ഹൌസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഹമാസ്, ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതർ എന്നിവർ ഇറാൻ്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.