ന്യൂഡൽഹി: പാർലമെൻ്റിൽ ബി.ജെ.പിയുടെ കടന്നാക്രമണത്തെ നേരിടാൻ പുതിയ നയങ്ങളുമായി പ്രതിപക്ഷം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ്, ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. ഹമീർപൂർ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിൻ്റെ ലോക്‌സഭയിലെ പ്രസംഗത്തെക്കുറിച്ചും കത്തിൽ സൂചനയുണ്ട്.
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെച്ചൊല്ലിയുണ്ടായ ബഹളത്തിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ നീക്കം. പ്രസംഗത്തിലെ പല ഭാഗങ്ങളും നീക്കം ചെയ്യുകയും അപാകതകൾക്കെതിരെ ബിജെപി നോട്ടീസ് നൽകുകയും ചെയ്തു. ബിജെപി എംപി ബൻസുരി സ്വരാജിൻ്റെ നോട്ടീസിനെ കുറിച്ച് അഭിപ്രായപ്പെട്ട പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു, സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരാരും എളുപ്പത്തിൽ രക്ഷപ്പെടില്ലെന്നും നിയമം അവരെ നേരിടുമെന്നും പ്രതികരിച്ചിരുന്നു.
മോദിയുടെയും ഠാക്കൂറിന്റെയും പ്രസ്താവനകള്‍ക്കുമേല്‍ ചട്ടം 115(1) പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിരിക്കുന്നത്.
“ഒരു മന്ത്രിയോ മറ്റേതെങ്കിലും അംഗമോ നടത്തിയ പ്രസ്താവനയിൽ എന്തെങ്കിലും തെറ്റോ അപാകതയോ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്ന ഒരു അംഗം, സഭയിൽ വിഷയം പരാമർശിക്കുന്നതിന് മുമ്പ്, തെറ്റിൻ്റെയോ കൃത്യതയുടെയോ വിശദാംശങ്ങൾ ചൂണ്ടിക്കാണിച്ച് സ്പീക്കർക്ക് എഴുതണം. വിഷയം സഭയിൽ ഉന്നയിക്കാൻ സ്പീക്കറുടെ അനുമതി തേടുകയും വേണം.”
സ്ത്രീകള്‍ക്ക് പ്രതിമാസം 85,000 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് ‘തെറ്റായ വാഗ്ദാനം’ നല്‍കിയെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞതായി മാണിക്കം ടാഗോർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് വിജയിക്കുകയും സർക്കാർ രൂപവത്കരിക്കുകയും ചെയ്തശേഷം നടപ്പാക്കേണ്ട ഒരു വാഗ്ദാനമായിരുന്നു അതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച 16 സംസ്ഥാനങ്ങളില്‍ വോട്ട് വിഹിതം കുറഞ്ഞുവെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദത്തെയും അദ്ദേഹം വെല്ലുവിളിച്ചു. പ്രധാനമന്ത്രിയുടെ വാദം തെറ്റാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, തെലങ്കാന തുടങ്ങി കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച സംസ്ഥാനങ്ങളില്‍ വോട്ട് വിഹിതം വര്‍ധിച്ചുവെന്നും കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോള്‍ സൈന്യത്തിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കിയിരുന്നില്ലെന്ന് അനുരാഗ് ഠാക്കൂര്‍ ആരോപിച്ചെന്നും മാണിക്കം ടാഗോർ പറഞ്ഞു. “ഇത് തെറ്റാണ്, നമുക്ക് ജാഗോര്‍, മിഗ് 29, എസ്‌യു-30, മിറാഷ് 2000 തുടങ്ങിയ യുദ്ധവിമാനങ്ങളുണ്ടായിരുന്നു. നമുക്ക് അണുബോംബുകളും അഗ്‌നി, പൃഥ്വി, ആകാശ്, നാഗ്, ത്രിശൂല്‍ തുടങ്ങിയ മിസൈലുകളും പിന്നീട് ബ്രഹ്മോസും ഉണ്ടായിരുന്നു,” മാണിക്കം ടാഗോര്‍ സ്പീക്കര്‍ക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.