‘യുപിയിൽ നിന്ന് 5600 ലധികം പേർ ഒന്നരലക്ഷത്തിലേറെ ശമ്പളത്തിന് ഇസ്രയേലിൽ ജോലി ചെയ്യുന്നുണ്ട്’, പ്രിയങ്കക്കെതിരെ യോഗി

ഡല്‍ഹി: പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുള്ള ബാഗുമായി പാര്‍ലമെന്റിലെത്തിയ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ നിന്ന് യുവാക്കാളെ ജോലിക്കായി ഇസ്രയേലിലേക്ക് അയക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പലസ്തീന്‍ ബാഗുമായി നടക്കുകയാണെന്നും യോഗി പറഞ്ഞു. ഇതിനകം സംസ്ഥാനത്തെ 5600 പേര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. അവിടെ മികച്ചവേതനവും സുരക്ഷയും ഉറപ്പുലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുപി നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം സഭയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. സംസ്ഥാനത്തെ യുവാക്കള്‍ അവിടെ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും അവര്‍ക്ക് സുരക്ഷയും പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളവും ലഭിക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ ബാഗുമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ ബാഗുമായി പാര്‍ലമെന്റില്‍ എത്തിയ പ്രിയങ്കയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതാണ് പ്രിയങ്കയുടെ നടപടിയെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ എന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുകയെന്നും, സ്ത്രീകള്‍ എന്തുധരിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നും പ്രിയങ്ക പറഞ്ഞു. അത് അംഗീകരിക്കുന്നില്ലെന്നും തനിക്ക് വേണ്ടത് താന്‍ ധരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

More Stories from this section

family-dental
witywide