പാലക്കാട്: സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം മുടക്കിയ സംഭവങ്ങളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലയിലെ തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളിലുമാണ് ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിക്ക് നോട്ടീസയച്ചത്.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് ആവശ്യപ്പെട്ടു.
സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും ഉണ്ടാകാന്‍ പാടില്ല. കഴിഞ്ഞദിവസം ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കേരള ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ ഇത്തരം ആളുകളെയും ആശയത്തേയും തള്ളിക്കളയുമെന്നും മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ് കേരളമെന്നും അത് തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നില്‍ തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ക്രിസ്മസ് ആഘോഷത്തിനെതിരേയുള്ള സംഘപരിവാര്‍ ആക്രമണം കേരളത്തിനും മലയാളികള്‍ക്കും അപമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.
മതത്തെ അപരവിദ്വേഷത്തിന്റെ ഹേതുവാക്കാന്‍ ശ്രമം. ഇത്തരം ശക്തികളെ ചെറുക്കണമെന്നും നാടിന്റെ യഥാര്‍ത്ഥ സത്ത സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.