ധരംശാല: ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ ഇന്നിംഗ്സിൽ മലയാളി താരം ദേവദത്ത് പടിക്കലിന് അഭിമാന നേട്ടം. ഇന്ത്യക്ക് വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റിൽ അർധ സെഞ്ചുറി നേടി താരം മികവ് കാട്ടി. ധരംശാല ക്രിക്കറ്റ് ടെസ്റ്റിലാണ് ഇംഗ്ലണ്ടിന്റെ ബൗളർമാരെ തല്ലിച്ചതച്ച് ദേവദത്ത് അർധ സെഞ്ചുറി നേടിയത്. ഇംഗ്ലിഷ് ബൗളർമാരെ അനായാസം നേരിട്ട മലയാളി താരം സിക്സർ പറത്തിയാണ് കന്നി അർധ ശതകത്തിലേക്ക് പറന്നിറങ്ങിയത്.
നാലാമനായി ബാറ്റിംഗിനിറങ്ങിയ ദേവദത്ത് മികച്ച നിലയിലാണ് ബാറ്റ് വീശിയത്. ഇന്ത്യയുടെ കൂറ്റൻ സ്കോറിൽ വലിയ സംഭാവന നൽകിയ താരം 65 റൺസെടുത്താണ് പുറത്തായത്. 103 പന്തിൽ 10 ഫോറും ഒരു സിക്സറും പറത്തിയ താരത്തെ ഷോയിബ് ബഷീർ ബൗൾഡ് ആക്കുകയായിരുന്നു.
അതേസമയം ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ വമ്പൻ ലീഡിലേക്ക് കുതിക്കുകയാണ്. ധരംശാലയില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 218 നെതിരെ ഇന്ത്യ രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 450 റൺസെന്ന ശക്തമായ നിലയിലാണ്. ഇന്ത്യയുടെ ലീഡ് നിലവിൽ 232 റൺസായിട്ടുണ്ട്. ബാറ്റെടുത്തവരെല്ലാം ഫോമിലായതോടെ ഇംഗ്ലിഷ് ബൗളർമാർ കളത്തിൽ അടികൊണ്ട് തളർന്നു. രോഹിത് ശര്‍മ (102), ശുഭ്മാന്‍ ഗില്‍ (110), യശസ്വി ജയ്സ്വാൾ (57) , സര്‍ഫറാസ് ഖാന് (56), മലയാളി താരം ദേവദത്ത് പടിക്കല്‍ (65) എന്നിവർ ഇംഗ്ലണ്ടിന്റെ ബൗളർമാരെ ഗ്രൗണ്ടിന്റെ നാലുപാടും പായിച്ചതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. ദ്രൂവ് ജൂറലും രവീന്ദ്ര ജഡേജയും 15 റൺസ് വീതം നേടി പുറത്തായി.
IND vs ENG: Devdutt Padikkal shines on Test debut, smashes fifty in Dharamsala