ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറിയടിച്ച് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായാണ് ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തത് . 47പന്തില്‍ 9 സിക്‌സും 7 ഫോറുമായി സഞ്ജു സാംസണ്‍ സെഞ്ചുറി അടിച്ചു. ഇതോടെ ടി 20യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ചുറി എന്ന ചരിത്രവും സഞ്ജു എഴുതിചേർത്തു.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 27 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ചുറി യിലെത്താന്‍ എടുത്തത് 20 പന്തുകള്‍ കൂടി മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ താരത്തിന്‍റെ അതിവേഗ ടി20 സെഞ്ചുറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ചുറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ചുറിയിലെത്തി സഞ്ജു മറികടന്നത്.
പാട്രിക് ക്രുഗര്‍ക്കതിരെ സിക്സ് അടിച്ച് 98 ല്‍ എത്തിയ സഞ്ജു അടുത്ത പന്തില്‍ സിംഗിളെടുത്ത് 99ല്‍ എത്തി. കേശവ് മാഹാരാജിനെതിരെ സിംഗിളെടുത്ത് തന്‍റെ രണ്ടാം ടി20 സെഞ്ചുറിയിലെത്തി. സെഞ്ചുറിക്കുശേഷം എൻകബയോംസി പീറ്ററിനെ വീണ്ടും സിക്സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിന്‍റെ കൈകളിലെത്തി. സിക്സ് എന്നുറപ്പിച്ച പന്ത് സ്റ്റബ്സ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. 50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തിയ സഞ്ജു പതിനാറാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.