ബംഗളുരു: ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രത്തിലെ വലിയ നാണക്കേട്. ഇന്ത്യൻ മണ്ണിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായാണ് രോഹിതും സംഘവും നാണക്കേടിന്‍റെ റെക്കോർഡ് സ്വന്തമാക്കിയത്. കേവലം 46 റൺസിനാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ പുറത്തായത്. 1987 ൽ വെസ്റ്റിൻഡീസിനെതിരെ 75 റൺസിന് പുറത്തായതിന്‍റെ റെക്കോഡാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ തിരുത്തിക്കുറിച്ചത്.
അതേസമയം രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളി വരുതിയിലാക്കിയിരിക്കുയാണ് ന്യൂസിലന്‍ഡ്. 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ് ഇന്ന് കളിയവസാനിപ്പിച്ചത്. ഇന്ത്യയെ വെറും 46 റണ്‍സില്‍ പുറത്താക്കിയ അവര്‍ക്ക് നിലവില്‍ 134 റണ്‍സ് ലീഡുണ്ട്. മിന്നും തുടക്കം നല്‍കിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് സെഞ്ച്വറി നഷ്ടമായത് മാത്രമാണ് കിവികള്‍ക്ക് നിരാശ നല്‍കിയത്. താരം മൂന്ന് സിക്‌സും 11 ഫോറും സഹിതം 91 റണ്‍സുമായി മടങ്ങി.ക്യാപ്റ്റന്‍ ടോം ലാതമാണ് ആദ്യം പുറത്തായത്. താരം 15 റണ്‍സെടുത്തു. വില്‍ യങ് (33) ആണ് പുറത്തായ മറ്റൊരാള്‍. കളി നിര്‍ത്തുമ്പോള്‍ രചിന്‍ രവീന്ദ്ര (22), ഡാരില്‍ മിച്ചല്‍ (14) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കായി ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങിയ കോണ്‍വെയെ അശ്വിനാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്.
നേരത്തെ ടോസ് കിട്ടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി യശസ്വി ജയ്‌സ്വാള്‍ (63 പന്തില്‍ 13), ഋഷഭ് പന്ത് (49 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വില്ല്യം ഓറോക്കുമാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്നിങ്‌സ് ആരംഭിച്ച് ഏഴാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ (2) പുറത്തായിന് ശേഷം പിന്നീടെത്തിയ എല്ലാവരുടെയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലി, സര്‍ഫാറസ് ഖാന്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍ തുടങ്ങിയവര്‍ പൂജ്യം ആണ് സംഭാവന ചെയ്തത്.