പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ സീറ്റു വിഭജനം പൂർത്തിയായി. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബേഗുസാരായ് മണ്ഡലം ലഭിച്ചില്ല. യുവനേതാവ് കനയ്യകുമാറിന് മണ്ഡലത്തിൽ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ സീറ്റ് സിപിഐ ചോദിച്ചുവാങ്ങി. നേരത്തെ സിപിഐ നേതാവായിരുന്നു കനയ്യകുമാർ.
സംസ്ഥാനത്ത് കരുത്തരായ ആർജെഡി 26 സീറ്റുകളിൽ മത്സരിക്കും.
കോൺഗ്രസ് ഒമ്പതിടത്തും സിപിഐ (എംഎൽ) മൂന്നിടത്തും മത്സരിക്കും. സിപിഐക്കും, സിപിഎമ്മിനും ഓരോ സീറ്റും ലഭിച്ചു. കോൺഗ്രസ് നേതാക്കളായ കനയ്യ കുമാർ, പപ്പു യാദവ് എന്നിവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ 40 സീറ്റുകളാണ് ബിഹാറിലുള്ളത്.
പപ്പു യാദവിനു ജയസാധ്യതയുള്ള പുർണിയ, മധേപുര, സുപോൽ എന്നീ മണ്ഡലങ്ങൾ ആർജെഡി സ്വന്തമാക്കി. പുർണിയ മണ്ഡലത്തിൽ പപ്പു യാദവ് വിമത സ്ഥാനാർഥിയായേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കിഷൻഗഞ്ച്, കതിഹാർ, ഭാഗൽപുർ, മുസഫർപുർ, സമസ്തിപുർ, പശ്ചിം ചമ്പാരൻ, പട്ന സാഹിബ്, സസാറാം, മഹാരാജ് ഗഞ്ച് മണ്ഡലങ്ങളാണ് കോൺഗ്രസിന് ലഭിച്ചത്.
India Alliance divide Bihar Loksabha seat in Bihar, congress got only nine