സര്‍വ്വകക്ഷിയോഗം : ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം, പ്രത്യേക പദവി ആവശ്യപ്പെട്ട് ബീഹാറും ആന്ധ്രയും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ ഉറച്ചുനിന്ന് പ്രതിപക്ഷം. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന് വേണ്ടി കോണ്‍ഗ്രസ് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചു.

കീഴ്വഴക്കമനുസരിച്ചു ഡപ്യൂട്ടി സ്പീക്കര്‍ പദം പ്രതിപക്ഷത്തിനു നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നായിരുന്നു ആവശ്യം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. അതേസമയം, പ്രത്യേകപദവി വേണമെന്നു ബിഹാറിനുവേണ്ടി ജെഡിയുവും ആന്ധ്രയ്ക്കുവേണ്ടി വൈഎസ്ആര്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

കൊടിക്കുന്നില്‍ സുരേഷും ഗൗരവ് ഗൊഗോയുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിന് എല്ലാ പാര്‍ട്ടികളുടേയും സഹകരണം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ പാര്‍ലമെന്റില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് യോഗത്തില്‍ പറഞ്ഞു. മാത്രമല്ല, നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍വകക്ഷി യോഗത്തില്‍ 44 പാര്‍ട്ടികളില്‍ നിന്നായി 55 നേതാക്കള്‍ പങ്കെടുത്തതായി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് കിരണ്‍ റിജിജു പറഞ്ഞു. പാര്‍ലമെന്റ് സുഗമമായി നടത്തിക്കൊണ്ടുപോകുക എന്നത് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കൂട്ടുത്തരവാദിത്തമാണെന്നും വ്യവസ്ഥാപിതമായ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഏത് വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide