ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിൽ പുതിയ ബസ്, ട്രെയിൻ സർവീസുകൾ; പത്തു കരാറുകളിൽ ഒപ്പിട്ടു

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും ശനിയാഴ്ച രാജ്ഷാഹിക്കും കൊൽക്കത്തയ്ക്കും ഇടയിൽ പുതിയ ട്രെയിൻ സർവീസും ചിറ്റഗോങ്ങിനും കൊൽക്കത്തയ്ക്കും ഇടയിൽ പുതിയ ബസ് സർവീസും പ്രഖ്യാപിച്ചു.

ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് പ്രഖ്യാപനം. മോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയിലേക്ക് ഉഭയകക്ഷി സന്ദർശനം നടത്തുന്ന ആദ്യ വിദേശ നേതാവാണ് ഷെയ്ഖ് ഹസീന. വെള്ളിയാഴ്ചയാണ് ഷെയ്ഖ് ഹസീന ഡൽഹിയിൽ എത്തിയത്.

ചർച്ചകൾക്ക് ശേഷം, ഗതാഗതവും വ്യാപാരവും വർധിപ്പിക്കുന്നതിനുള്ള പുതിയ നടപടികളും ഇരുപക്ഷവും പ്രഖ്യാപിച്ചു. പുതുതായി പ്രഖ്യാപിച്ച ട്രെയിൻ ഉടൻ തന്നെ സർവീസ് തുടങ്ങും. ബംഗ്ലാദേശിൽ നിന്നുള്ള ഗുഡ്സ് ട്രെയിനിന്റെ പരീക്ഷണ ഓട്ടവും അടുത്ത മാസം ആരംഭിക്കും.

സിരാഗഞ്ചിൽ കണ്ടെയ്നർ ഡിപ്പോ നിർമിക്കാൻ ബംഗ്ലാദേശിന് ഇന്ത്യ സഹായം നൽകാനും കഴിഞ്ഞ ദിവസം നടന്ന ഇരു രാഷ്ട്രനേതാക്കളുടെയും യോഗത്തിൽ ധാരണയായിട്ടുണ്ട്. രംഗ്പൂരിൽ പുതിയ ഹൈക്കമ്മീഷൻ ഓഫീസ് തുറക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെന്നാണ് വിവരം.

ഇരു രാജ്യങ്ങളും തമ്മിൽ 10 കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഡിജിറ്റൽ, മാരിടൈം, റെയിൽവേ, ബഹിരാകാശം, ഗ്രീൻ ടെക്നോളജി, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് കരാറുകൾ.

More Stories from this section

family-dental
witywide