റാഞ്ചി: ഇന്ത്യൻ മണ്ണിൽ ബേസ്ബാൾ വീര്യവുമായെത്തിയ ഇംഗ്ലണ്ടിന് നിരാശ. ഒരു ടെസ്റ്റ് മത്സരം ശേഷിക്കെ തന്നെ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. റാഞ്ചിയിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ പരമ്പര റാഞ്ചിയത്. നാല് ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 3 – 1 നാണ് രോഹിതും സംഘവും പരമ്പര സ്വന്തമാക്കിയത്. നാലാം ടെസ്റ്റിൽ 192 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നായകൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും നേടിയ അർധ സെഞ്ചുറിയാണ് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലും ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ഒരു ഘട്ടത്തിൽ 120 ന് 5 എന്ന നിലയിൽ പതറിയ ഇന്ത്യയെ വീറോടെ പൊരുതിയ ശുഭ്മാന്‍ ഗില്‍ (52), ധ്രുവ് ജുറെല്‍ (39) കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത് രോഹിത് ശര്‍മ (55) യാണ് ടോപ് സ്‌കോറര്‍. സ്‌കോര്‍: ഇന്ത്യ 307, 192 & ഇംഗ്ലണ്ട് 353, 145.
റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ടീമുകളുടെയും ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ മികച്ച സ്കോർ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കാമെന്നായിരുന്നു കരുതിയത്. എന്നാൽ ഇന്ത്യൻ സ്പിന്നർമാർ താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്തായി. ഇതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനും നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ടിന്‍റെ ബേസ്ബാളിന് കടിഞ്ഞാണിട്ടത്.
India beat England by 5 wickets, clinch series India vs England Test Cricket Highlights