
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കുടുംബത്തിന് നിയമസഹായവുമായി രാഹുല്‍ ഗാന്ധി. ഇന്നലെത്തന്നെ കെജ്രിവാളിന്റെ കുടുംബവുമായി രാഹുല്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. മാത്രമല്ല ഇന്ന് കുടുംബാംഗങ്ങളെ കാണാനും രാഹുല്‍ എത്തിയേക്കും. രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയും കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ നിയമസഹായം വാഗ്ദാനം ചെയ്യുന്നതിനായി രാഹുല്‍ ഗാന്ധി ഇന്ന് കെജ്രിവാളിനെയോ കുടുംബാംഗങ്ങളെയോ കാണാന്‍ ശ്രമിക്കുമെന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്.
അതേസമയം, ജനരോഷം നേരിടാന്‍ ബിജെപി ഒരുങ്ങിക്കൊള്ളൂവെന്നു അറസ്റ്റില്‍ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ , സഹോദരന്‍ ഹെമന്ത് സോറന്റ അന്യായമായ അറസ്റ്റിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തുകൊണ്ട് ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍ ആഴത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
അറസ്റ്റിനെ അധികാര ദുര്‍വിനിയോഗം എന്ന് വിശേഷിപ്പിച്ച സ്റ്റാലിന്‍, ‘ഒരു ബിജെപി നേതാവിനും തങ്ങളുടെ അധികാര ദുര്‍വിനിയോഗവും ജനാധിപത്യത്തിന്റെ അപചയവും തുറന്നുകാട്ടി പരിശോധനയോ അറസ്റ്റോ നേരിടേണ്ടി വരുന്നില്ലെന്നും എക്‌സില്‍ വ്യക്തമാക്കി. മാത്രമല്ല, അറസ്റ്റ് ജനരോഷം ആളിക്കത്തിക്കുകയേയുള്ളൂവെന്നും ‘ഇന്ത്യ’യെ വിജയിപ്പിക്കുമെന്നും അദ്ദേഹം കുറിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്. കെജ്രിവാളിന്റെ പാര്‍ട്ടിയായ എഎപിയുടെ രണ്ട് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരെ കേസില്‍ അന്വേഷണ ഏജന്‍സി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കെജ്രിവാളിന്റെ അറസ്റ്റോടെ ഇന്ത്യാ മുന്നണി ശക്തമായി ഒരുമിച്ച് നില്‍ക്കുന്നതാണ് കാണാനാകുന്നത്. ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ നേതാക്കള്‍ ഐക്യത്തേക്കാള്‍ ഭിന്നതകളുടെ പേരില്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കെജ്രിവാളിന്റെ അറസ്റ്റോടെ കേന്ദ്രത്തെയും ബിജെപിയെയും കടുത്തഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷത്തുടനീളമുള്ള പ്രധാന നേതാക്കളുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ബിജെപിയെ കടന്നാക്രമിച്ച നേതാക്കള്‍ പലരും അറസ്റ്റിനെ അപലപിക്കുന്നതോടാപ്പം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഭയത്തേയും ഇതിന് ജനങ്ങള്‍ വോട്ടുകൊണ്ട് മറുപടി നല്‍കുമെന്നുമാണ് പ്രതികരിച്ചത്.
അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് കെജ്രിവാള്‍ അറസ്റ്റുചെയ്യപ്പെട്ടത്. അറസ്റ്റിനുപിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയും മുന്നിലുണ്ട്. രാജ്യ തലസ്ഥാനത്ത് പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെജ്രിവാളിന്റെ വസതിയിലും ഇഡി ഓഫീസുകള്‍ക്കും അടക്കം സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.