വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ കോക്കസിന്റെ കോ-ചെയര്‍ ആയ കോണ്‍ഗ്രസ് പ്രതിനിധി മൈക്ക് വാള്‍ട്സിനെ തന്റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കാനൊരുങ്ങുന്ന മൈക്ക് വാള്‍ട്സ് ഫ്‌ളോറിഡയില്‍ നിന്നുള്ള വ്യക്തിയാണ്.
50 കാരനായ വാള്‍ട്ട്‌സ്, യുഎസ് ആര്‍മിയുടെ എലൈറ്റ് സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റായ ഗ്രീന്‍ ബെററ്റായി സേവനമനുഷ്ഠിച്ച റിട്ടയേര്‍ഡ് ആര്‍മി കേണലുകൂടിയാണ്. മാത്രമല്ല 2019 മുതല്‍ അദ്ദേഹം യുഎസ് ജനപ്രതിനിധി സഭയില്‍ അംഗമാണ്.
പ്രസിഡന്റ് ജോ ബൈഡന്റെ വിദേശനയത്തിന്റെ ശക്തമായ വിമര്‍ശകനായ മൈക്ക് വാള്‍ട്സ്, ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റി, ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി, ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി എന്നിവയുടെ ഭാഗമായി. യുക്രെയ്നെ പിന്തുണയ്ക്കാന്‍ യൂറോപ്പ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രധാന വിദേശനയ ലക്ഷ്യവുമായി യോജിച്ച് യുഎസ് കൂടുതല്‍ കര്‍ശനമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2021-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ബൈഡന്‍ ഭരണകൂടത്തിന്റെ പിന്‍വാങ്ങലിനെതിരെ മൈക്ക് വാള്‍ട്സ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ട്രംപിന്റെ ഉറച്ച പിന്തുണക്കാരനായ വാള്‍ട്ട്‌സ് പെന്റഗണില്‍ രണ്ട് തവണ പോളിസി അഡൈ്വസറായി പ്രവര്‍ത്തിച്ചു.
യുക്രെയ്നിന് ആയുധങ്ങള്‍ നല്‍കുന്നത് മുതല്‍ ഉത്തരകൊറിയയും റഷ്യയും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സഖ്യം കൈകാര്യം ചെയ്യുന്നത് വരെയുള്ള ദേശീയ സുരക്ഷാ പ്രതിസന്ധികളിലൂടെയാകും വാള്‍ട്ട്സിന്റെ ഇനിയുള്ള യാത്ര.