ബും ബും ഇന്ത്യ, പെർത്തിൽ കംഗാരുക്കളെ പഞ്ഞിക്കിട്ട വമ്പൻ ജയം; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പൻ വിജയം. കംഗാരുക്കളെ 295 റണ്‍സിനാണ് പെർത്തിൽ ഇന്ത്യ അടിയറവ് പറയിച്ചത്. തീ തുപ്പിയ ബുംറയുടെയും സിറാജിന്റെയും പേസ് ബൗളങ്ങിന് മുന്നിലാണ് ഓസിസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. ഇരുവരും രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും നീതീഷ് റെഡ്ഡിയും ഹര്‍ഷിത് റാണയും ഒരോ വിക്കറ്റും വീഴ്ത്തിയതോടെ കംഗാരുക്കളുടെ പതനം പൂർത്തിയായി. ഓസിസ് നിരയില്‍ 89 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ടോപ്‌സ്‌കോറര്‍. രണ്ട് ഇന്നിംഗ്സിലുമായ 8 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ നായകൻ ബുംറയാണ് കളിയിലെ താരം.

ഓസ്‌ട്രേലിയയെ 295 റണ്‍സിന് തോല്‍പ്പിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ഇന്ത്യ തിരിച്ചുപിടിച്ചു. ഇതോടെ ഒന്നാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയ രണ്ടാമതായി. പട്ടികയില്‍ ബഹുദൂരം മുന്നിലായ ഇന്ത്യ ന്യൂസിലന്‍ഡിനോട് ദയനീയമായി പരാജയപ്പെട്ടതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പെര്‍ത്തിലെ തോല്‍വി ഫൈനലില്‍ എത്താനുള്ള ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചു. മത്സരത്തിലെ വമ്പന്‍ ജയം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ഇന്ത്യയെ സഹായിച്ചു. നിലവില്‍ 61 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഓസിസിനാകട്ടെ 57 പോയിന്റുമാണ് ഉള്ളത്.

ശ്രീലങ്ക മൂന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് പട്ടികയില്‍ നാലാമതും ആണ്. ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഇനിയുള്ള ആറ് മത്സരങ്ങളിൽ നാലെണ്ണം ജയിക്കണം. ഇന്ത്യക്ക് പിന്നാലെ ടെസ്റ്റില്‍ ശ്രീലങ്കയാണ് ഓസിസിന്റെ എതിരാളി. മത്സരം ശ്രീലങ്കന്‍ മണ്ണിലാണ്. ഇന്ത്യക്ക്‌ ഫൈനലില്‍ എത്താന്‍ ഓസിസിനെതിരെയായ നാല് ടെസ്റ്റുകളില്‍ 3 വിജയം അനിവാര്യമാണ്.

More Stories from this section

family-dental
witywide