
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് 4 – 1 ന്‍റെ ആധികാരിക ജയം. ധരംശാലയിൽ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിംഗ്‌സിനും 41 റൺസിനും അടിയറവ് പറയിച്ച രോഹിതും സംഘവും, ബാസ്ബോൾ വീര്യത്തെ നാണംകെടുത്തിയാണ് മടക്കിഅയച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 218, 195 & ഇന്ത്യ 477. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ തകര്‍ത്തത്. പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ടിനെ പിന്നീട് കാത്തിരുന്നതെല്ലാം നാണക്കേടിന്‍റെ റെക്കോഡുകളായിരുന്നു. വിരാട് കോലിയടക്കമുള്ള പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും തുടരെ നാല് ടെസ്റ്റുകളും ജയിച്ചാണ് ടീം ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്.
രണ്ടാം ഇന്നിംഗ്‌സില്‍ 259 റണ്‍സിന്‍റെ കടവുമായിറങ്ങിയ ഇംഗ്ലണ്ടിന്‍റെ പോരാട്ടം 195 റൺസിൽ അവസാനിക്കുകയായിരുന്നു. ഇംഗ്ലിഷ് നിരയില്‍ അൽപ്പമെങ്കിലും പിടിച്ചുനിന്നത് മുൻ നായകൻ ജോ റൂട്ട് (84) മാത്രമായിരുന്നു. ജോണി ബെയര്‍സ്‌റ്റോ (39), ഒല്ലി പോപ് (19), ടോം ഹാര്‍ട്‌ലി (20), ഷൊയ്ബ് ബഷീര്‍ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 128 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികള്‍ നേടി അവസാന വിക്കറ്റായാണ് പുറത്തായത്. ജെയിംസ് ആൻഡേഴ്സണ്‍ (0) പുറത്താവാതെ നിന്നു. അശ്വിൻ 5 വിക്കറ്റ് നേടിയപ്പോൾ ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.
ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 218 ന് പുറത്തായപ്പോൾ ഇന്ത്യ 477 റണ്‍സാണ് നേടിയത്. 473-8 എന്ന സ്‌കോറില്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് റണ്‍സ് കൂടിയേ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. ഇതിഹാസ ബൗളർ ജെയിംസ് ആന്‍ഡേഴ്സണ്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ആദ്യ പേസർ എന്ന ഖ്യാതി സ്വന്തമാക്കിയത് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത്. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഷൊയൈബ് ബഷീര്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു. ആന്‍ഡേഴ്സണിന് പുറമെ ടോം ഹാര്‍ട്ലിയും രണ്ട് വിക്കറ്റ് പേരിലാക്കി. നേരത്തെ, നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മ (103), മൂന്നാമന്‍ ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്‌കോറൊരുക്കിയത്. യശസ്വി ജയ്സ്വാള്‍ (57), ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു.
India demolish England by an innings and 64 runs clinch series 4-1 India vs England Live Score