സിഖ് വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊല്ലാനുള്ള ഗൂഢാലോചന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന് അവകാശപ്പെടുന്ന കനേഡിയൻ മാധ്യമ റിപ്പോർട്ട് അപവാദ പ്രചരണം മാത്രമാണെന്ന് ഇന്ത്യ.
നിജ്ജാറിനെ കൊല്ലാനുള്ള ഗൂഢാലോചന സംബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് അറിയാമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത കനേഡിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.
ഈ ആരോപണങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ രംഗത്ത് എത്തി.
“ഒരു കനേഡിയൻ സർക്കാർ സോഴസ് ഒരു പത്രത്തോട് നടത്തിയ അത്തരം പരിഹാസ്യമായ പ്രസ്താവനകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങൾ ഇതിനകം തന്നെ വഷളായ നയതന്ത്ര ബന്ധത്തെ കൂടുതൽ തകർക്കുകയേ ഉള്ളൂ.”
ഖാലിസ്ഥാൻവാദിയും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാർ കഴിഞ്ഞ വർഷം ജൂണിൽ വാൻകൂവറിൽ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ചാര ഏജൻ്റുമാർക്ക് പങ്കുണ്ട് എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി ആരോപണം ഉന്നയിച്ചതിനെ തുടന്നുണ്ടായ സ്ഥിതിഗതികൾ ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം താറുമാറാക്കിയിരിക്കുകയാണ്.
India denies again Canada Report On Nijjar Murder Plot