
ട്വെന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിനെ വരവേൽക്കാൻ മുംബൈ നഗരവീഥിയിലേക്കൊഴുകിയെത്തിയ ജനസാഗരത്തിന് വിമർശനം. ഇതെല്ലാമാണ് ഇന്ത്യയിലെ ജനങ്ങളുടെ പരിഗണനയെന്നും മണിപ്പൂരിലെ ജനങ്ങൾക്കു വേണ്ടിയോ രാജ്യത്തെ ഗുസ്തി താരങ്ങൾക്കു വേണ്ടിയോ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ വഴിമുട്ടി നിൽക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയോ ആരും ശബ്ദിക്കുന്നില്ലെന്നുമാണ് വിമർശനങ്ങൾ.
ന്യൂട്ടൺ എന്ന എക്സ് ഹാൻഡിലിൽ ഇതു സംബന്ധിച്ച് പങ്കുവച്ച ട്വീറ്റുകൾ നടൻ പ്രകാശ് രാജ് ഉൾപ്പെടെ നിരവധി പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീം അംഗങ്ങളെ സ്വീകരിക്കാൻ തെരുവിലിറങ്ങിയതിന്റെ 25 ശതമാനമെങ്കിലും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായിരുന്നെങ്കിൽ മണിപ്പൂരിലെ ജനങ്ങൾക്ക് നീതി കിട്ടിയേനെ എന്ന് പോസ്റ്റുകളിൽ പറയുന്നു. ‘കഠിനമായ യാഥാർത്ഥ്യം’ എന്ന് കുറിച്ചുകൊണ്ടാണ് പ്രകാശ് രാജ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.


ക്രിക്കറ്റ് താരങ്ങൾക്കു വേണ്ടി മുംബൈ തെരുവിലിറങ്ങിയ ജനങ്ങളുടെ ചിത്രവും, ഒഴിഞ്ഞുകിടക്കുന്ന നഗരത്തിലെ റോഡിന്റെ ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു താരതമ്യം.
2023ൽ മണിപ്പൂരിൽ ആരംഭിച്ച സംഘർഷങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാനത്ത് പ്രബലമായ മെയ്‌തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എ.ടി.എസ്.യു.എം) 2023 മെയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് ആണ് ആളിക്കത്തിയ മേയ്‌തേയ്-കുക്കി വംശീയ കലാപത്തിന് തുടക്കമിട്ടത്. മേയ്‌തേയ്കളെ ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകര്‍പ്പെടുന്നതോടെ മാര്‍ച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് തിരിഞ്ഞു. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരങ്ങൾ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ആയിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വര്‍ഷങ്ങളായി ബ്രിജ്ഭൂഷണ്‍ പീഡിപ്പിക്കുന്നെന്ന് താരങ്ങള്‍ പരാതി ഉന്നയിച്ചു. റിയോ 2016 വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ടോക്കിയോ 2020 മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയ, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവര്‍ തങ്ങളുടെ മെഡലുകള്‍ ഹരിദ്വാറില്‍ വച്ച് ഗംഗയില്‍ എറിയുമെന്ന് അറിയിച്ചു. എന്നാള്‍ ഗുസ്തി താരങ്ങളുടെ പോരാട്ടത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. നീറ്റ്-നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ഈ വിഷയങ്ങളൊന്നും ഇന്ത്യയുടെ പ്രഥമ പരിഗണനകളല്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ.