ധാക്ക: കലാപം രൂക്ഷമായ സാഹചര്യത്തിൽ ബംഗ്ലാദേശിലെ എംബസിയിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും അനിവാര്യമല്ലാത്ത എല്ലാ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഴ്ചകളായി നീണ്ടുനിൽക്കുന്ന അശാന്തിയെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന്റെ പിന്നാലെയാണ് ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.
എല്ലാ ഇന്ത്യൻ നയതന്ത്രജ്ഞരും ബംഗ്ലാദേശിൽ തുടരുകയാണെന്നും ദൗത്യങ്ങൾ പ്രവർത്തനക്ഷമമാണെന്നും വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ ധാക്കയിലെ ഹൈക്കമ്മീഷനോ എംബസിയോ കൂടാതെ, ചിറ്റഗോംഗ്, രാജ്ഷാഹി, ഖുൽന, സിൽഹെത് എന്നിവിടങ്ങളിൽ ഇന്ത്യയ്ക്ക് അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകളും കോൺസുലേറ്റുകളും ഉണ്ട്.
അതിനിടെ, ബംഗ്ലദേശിൽനിന്ന് ആറ് കുട്ടികളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽനിന്ന് ഡൽഹിയിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വിമാനം ധാക്കയിൽ നിന്ന് പുറപ്പെട്ടത്.
സംവരണ വിഷയത്തിൽ ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശിൽ വലിയ സംഘർഷമാണ് അരങ്ങേറുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ തെരുവിലിറങ്ങിയതോടെ ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം 100ഓളം പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ ആകെ 300ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.