ധരംശാല: ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 218നെതിരെ ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 എന്ന നിലയിലാണ് ഇന്ത്യ. രണ്ടുവിക്കറ്റ് കൈയിലിരിക്കെ 255 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. ബൗളിങ്ങിൽ മിന്നിയ കുല്‍ദീപ് യാദവ് 27 റൺസെടുത്തും, ജസ്പ്രിത് ബുമ്ര (19) എന്നിവരാണ് പുറത്താകാതെ നിൽക്കുന്നത്. നേരത്തെ ക്യാപ്റ്റൻ രോഹിത് ശര്‍മ (102), ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളും മലയാളി താരം ദേവ്ദത്ത് പടിക്കൽ(65), സർഫറാസ് ഖാൻ (56) എന്നിവര്‍ അര്‍ധ സെഞ്ചുറിയും ഇന്ത്യയെ തുണച്ചു.
ഒന്നിന് 135 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. ലഞ്ചിന് തൊട്ടുമ്പ് ഗില്ലും രോഹിത്തും സെഞ്ചുറി പൂര്‍ത്തിയാക്കി. 171 റണ്‍സാണ് രണ്ടാം വിക്കറ്റ് സഖ്യം കൂട്ടിച്ചേർത്തത്. തൊട്ടുപിന്നാലെ രോഹിത് കൂടാരം കയറി. 162 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്സും 13 ഫോറും നേടി. ഗില്ലും തകർത്തടിച്ചു. അഞ്ച് സിക്സും 12 ഫോറും സഹിതമായിരുന്നു യുവതാരത്തിന്റെ സെഞ്ച്വറി. രോഹിത് ശർമ 12-ാം ടെസ്റ്റ് സെഞ്ചുറിയാണ് ധരംശാലയിൽ കുറിച്ചത്. ഗില്ലിന്റെ ലഞ്ചിന് ശേഷം അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. രോഹിത്തിനെ സ്റ്റോക്സ് ബൗള്‍ഡാക്കിയപ്പോള്‍, ഗില്ലിനെ ആൻഡേഴ്സണും തിരിച്ചയച്ചു.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് – സര്‍ഫറാസ് സഖ്യവും തകർത്തടിച്ചു. 59 പന്തില്‍ ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് സര്‍ഫറാസിന്റെ ഇന്നിംഗ്സ്. ഷൊയ്ബിന്റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി സര്‍ഫറാസ് മടങ്ങി. വൈകാതെ ദേവ്ദത്തും കൂടാരം കയറി. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതാണ് ദേവ്ദത്തിന്റെ ഇന്നിംഗ്‌സ്. രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറല്‍ (15), ആര്‍ അശ്വിന്‍ (0) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി.
India eyes big lead against England in Dharamsala