ലഖ്നൗ: ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതും ഹിന്ദു ഘോഷയാത്രകള്‍ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകാന്‍ അനുവദിച്ചതും സംഭാലിലും ബഹ്റൈച്ചിലും അക്രമത്തിന് കാരണമായെന്ന പ്രതിപക്ഷത്തിന്റെ നിലപാട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജയ് ശ്രീറാം’ എന്നത് വര്‍ഗീയ മുദ്രാവാക്യമല്ലെന്നും വിശ്വാസത്തിന്റെ പ്രതീകമാണെന്നും യോഗി ചൂണ്ടിക്കാട്ടി.
‘ഒരു മുസ്ലീം ഘോഷയാത്രയ്ക്ക് ഒരു ഹിന്ദു പ്രദേശത്തിലൂടെയും ഒരു ക്ഷേത്രത്തിന് മുന്നിലൂടെയും കടന്നുപോകാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് മുസ്ലീം പ്രദേശത്തുകൂടി ഒരു ഹിന്ദു ഘോഷയാത്ര നടത്തിക്കൂടാ?’ ‘ബാബറിന്റെയും ഔറംഗസേബിന്റെയും പാരമ്പര്യങ്ങളല്ല, രാമന്റെയും കൃഷ്ണന്റെയും ബുദ്ധന്റെയും പാരമ്പര്യങ്ങളാല്‍ ഇന്ത്യയെ നയിക്കുന്നത്” – അദ്ദേഹം പറഞ്ഞു.
‘ആളുകള്‍ പരസ്പരം ‘രാം റാം’ എന്നാണ് അഭിവാദ്യം ചെയ്യുന്നത്. ഒരു ശവസംസ്‌കാര ചടങ്ങില്‍ പോലും രാമന്റെ നാമം ജപിക്കാറുണ്ട്… രാം കെ ബിനാ തോ ഹുമാര കോയി കാം ഹി നഹീന്‍ ഹോതാ… തോ ജയ് ശ്രീ റാം കൈസേ ആചാരിക് നര ഹോ ഗയാ (ഭഗവാന്റെ പേര് വിളിക്കാതെ ഒന്നും സംഭവിക്കില്ല. ‘ജയ് ശ്രീ റാം’ എങ്ങനെ വര്‍ഗീയ മുദ്രാവാക്യമാകും ?)’- സംഭാല്‍ അക്രമത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ സംസാരിച്ച യോഗി ചോദിച്ചു.
ബഹ്റൈച്ചില്‍, പരമ്പരാഗത ഘോഷയാത്ര മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തു. എന്നിട്ടും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ആക്ഷേപമുണ്ട്. ‘ഞാന്‍ വ്യക്തമാക്കട്ടെ: ‘ജയ് ശ്രീറാം’ മുദ്രാവാക്യം പ്രകോപനപരമല്ല. അത് നമ്മുടെ വിശ്വാസത്തിന്റെ മുദ്രാവാക്യവും നമ്മുടെ വിശ്വാസത്തിന്റെ പ്രതീകവുമാണ്. നാളെ, ‘അല്ലാഹു അക്ബര്‍’ എന്ന മുദ്രാവാക്യം എനിക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ പറഞ്ഞാല്‍, നിങ്ങള്‍ എന്നോട് യോജിക്കുമോ?’ എന്നും അദ്ദേഹം ചോദിച്ചു.