ന്യൂഡൽഹി: യോഗാ ഗുരു രാംദേവിൻ്റെ പതഞ്ജലി ആയുർവേദിനെതിരെ സുപ്രീം കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന ഉറപ്പ് ലംഘിച്ചതിന് കമ്പനിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശനം ഉന്നയിച്ചത്.
യോഗാ ഗുരു ബാബാ രാംദേവ് സഹസ്ഥാപകനായ കമ്പനിയെ രൂക്ഷമായി വിമർശിച്ച കോടതി, സർക്കാർ കണ്ണടച്ച് ഇരിക്കുമ്പോൾ ഇവർ രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി.
പതഞ്ജലി ആയുർവേദിനും അതിൻ്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്‌ണയ്‌ക്കും എതിരെ എന്തുകൊണ്ട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കരുതെന്ന് ചോദിച്ച്, ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും എ. അമാനുല്ലയും അടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചു. കോവിഡ് -19 വാക്സിനേഷൻ ഡ്രൈവിനും അംഗീകൃത മരുന്നുകൾക്കും എതിരെ രാംദേവും അദ്ദേഹത്തിൻ്റെ കമ്പനിയും അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി ബെഞ്ച്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുതെന്നും അയച്ച നോട്ടീസിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നവംബറിൽ, കമ്പനിയുടെ അഭിഭാഷകൻ ഉൽപ്പന്നങ്ങളുടെ പരസ്യമോ ബ്രാൻഡിംഗോ സംബന്ധിച്ച് ഇനി മുതൽ നിയമലംഘനം ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. പതാഞ്ജലി ഉൽപന്നങ്ങളുടെ ഔഷധ ഫലപ്രാപ്തി അവകാശപ്പെടുന്ന തരത്തിലോ ഏതെങ്കിലും മെഡിക്കൽ സിസ്റ്റത്തിന് എതിരെയോ പ്രസ്താവനകൾ നടത്തില്ലെന്നും കമ്പനി ഉറപ്പ് നൽകിയിരുന്നു.
വാദത്തിനിടെ, രക്തസമ്മർദ്ദത്തിനുള്ള മരുന്ന് സംബന്ധിച്ച് രാംദേവ് നടത്തിയ തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങളെക്കുറിച്ചും ഐഎംഎ ആശങ്ക ഉന്നയിച്ചു. “അവസാന ഉത്തരവിന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം പത്രസമ്മേളനം നടത്തി,” സംഘടന കോടതിയെ അറിയിച്ചു.