
ന്യൂയോർക്ക്: അമേരിക്കയില്‍ പഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്. കഴിഞ്ഞ വര്‍ഷം 3,33,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ എത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ദ്ധന.
15 വര്‍ഷമായി ചൈന നിലനിര്‍ത്തിയിരുന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. 2,77,398 ചൈനക്കാരാണ് കഴിഞ്ഞ വര്‍ഷം പഠിക്കാന്‍ അമേരിക്കയില്‍ പോയത്. 43,149 കുട്ടികളെ പഠിപ്പിക്കാന്‍ അയച്ച ദക്ഷിണ കൊറിയയാണ് മൂന്നാമത്. ആകെ 11,26,690 വിദേശിയരാണ് കഴിഞ്ഞ വര്‍ഷം മാത്രം വിദ്യാർഥി വിസയില്‍ അമേരിക്കയില്‍ എത്തിയത്.
ഏറ്റവും കൂടുതല്‍ അന്തര്‍ദേശീയ മാസ്‌റ്റേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥികളെ അയക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. 1,97,000ത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദ കോഴ്‌സുകളില്‍ ചേര്‍ന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19% വര്‍ദ്ധനവാണ്. ഏറ്റവുമധികം നൈപുണ്യവികസിത ജോലിക്കാരെ പ്രദാനം ചെയ്യുന്ന ശ്രോതസ്സ് എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തിക്കൊണ്ട് ഓ.പി.റ്റി. പ്രോഗ്രാമുകളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 41% ഉയര്‍ന്ന് 97,556 ആയി. ഇന്ത്യയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണം 13% വര്‍ധിച്ച് 36,000ന് മേലെ എത്തി. ഉന്നത അക്കാദമിക, തൊഴില്‍ അവസരങ്ങളിലുള്ള ശക്തമായ താത്പര്യം വഴി വന്ന ചേര്‍ന്ന ഈ വര്‍ദ്ധനവുകള്‍ യു.എസ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ നടത്തിയ മുന്നേറ്റത്തെ അടിവരയിടുന്നു.
വിദേശപഠനത്തിന് ഇന്ത്യ തിരഞ്ഞെടുക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി. ഇന്ത്യയില്‍ പഠിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ഷം കൊണ്ട് 300ല്‍ നിന്ന് 1300ലേക്ക് ഉയര്‍ന്നു.