
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മിനിക്കോയ് ദ്വീപാണ് ഇതിനുവേണ്ടി പരിഗണിക്കുന്നത്. സൈനിക-വാണിജ്യ വ്യോമഗതാഗതം സാധ്യമാകുന്ന വിമാനത്താവളമായിരിക്കും മിനിക്കോയില്‍ നിര്‍മിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് പ്രധാനമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിലും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും.
മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും സൈനിക ആവശ്യങ്ങള്‍ക്കുകൂടി ഉപയോഗപ്പെടുന്ന വിധത്തില്‍ വ്യോമത്താവളം നിര്‍മിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അടുത്തിടെയാണ് കൈക്കൊണ്ടത്. പദ്ധതി സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനകളിള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിര്‍മാണം സംബന്ധിച്ചുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നുമാണ് ഔദ്യോഗിക വിവരം.