ഡല്‍ഹി: റഷ്യക്ക് യുദ്ധസഹായം നല്‍കിയെന്നാരോപിച്ച് അമേരിക്ക ഉപരോധമേർപ്പെടുത്തിയ 19 ഇന്ത്യൻ കമ്പനികൾ നിയമം ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം യു.എസിനെ ബോധ്യപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യക്ക് ശക്തമായ നിയമ ചട്ടക്കൂടുകളുണ്ട്. അതിലൊന്നുപോലും ഈ കമ്പനികള്‍ ലംഘിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ യു.എസിനെ ബോധ്യപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജെയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് 19 കമ്പനികളടക്കം നിരവധി കമ്പനികളെയാണ് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ അവശ്യമായ സാങ്കേതിക വിദ്യയും സാധനങ്ങളും റഷ്യക്ക് നല്‍കിയെന്നാരോപിച്ച് യുഎസ് വിലക്കിയത്.
ആഗോളതലത്തില്‍ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും യു.എസ് ഉപരോധപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അസന്റ് ഏവിയേഷൻ ഇന്ത്യ, മാസ്ക് ട്രാൻസ്, ടി.എസ്.എം.ഡി ഗ്ലോബല്‍ ആൻഡ് ഫുട്രേവോ,എസ്.ഐ2 മൈക്രോസിസ്റ്റംസ് എന്നിവയാണ് ഉപരോധപ്പട്ടികയിലുള്ള പ്രധാന ഇന്ത്യൻ കമ്പനികള്‍.