‘കാനഡക്ക് രാഷ്ട്രീയ താൽപര്യം, മുൻവിധി’; നിജ്ജർ വധത്തിലെ പ്രതികളെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: കാനഡയിൽ ഖലിസ്താന്‍ വിഘടനവാദിനേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതിൽ മൂന്ന് ഇന്ത്യന്‍പൗരന്മാരെ അറസ്റ്റുചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യ. വിഷയത്തിൽ കാനഡക്ക് രാഷ്ട്രീയ താൽപര്യമുണ്ടെന്നും വിഘടവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയഇടം നല്‍കുകയാണ് കാഡന ചെയ്യുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചു.

ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റിനെക്കുറിച്ച് കാനഡ അറിയിച്ചെന്നും എന്നാൽ, നയതന്ത്രത്തിലല്ല അറിയിച്ചതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് പ്രസക്തമായ തെളിവുകളോ വിവരങ്ങളോ കാാനഡ ഇതുവരെ ഇന്ത്യക്ക് നൽകിയിട്ടില്ല. മുന്‍വിധിയോടെയാണ് കാനഡയുടെ പെരുമാറ്റം. ഇന്ത്യയുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് കാനഡ അഭയം നൽകുന്നു.

കുറ്റവാളികളെ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യര്‍ഥനകൾ നിരസിക്കപ്പെട്ടു. ഇക്കാര്യങ്ങളിലെല്ലാം നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരായ കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിങ്, കരണ്‍പ്രീത് സിങ് എന്നിവരെയാണ് കാനഡ പൊലീസ് അറസ്റ്റുചെയ്തത്. പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച ഖലിസ്താന്‍ ഭീകരനാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ (45). നിജ്ജാറിന്റെ തലയ്ക്ക് ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ടിരുന്നു. 2023 ജൂണ്‍ 18-നാണ് കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സുറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് നിജ്ജര്‍ കൊല്ലപ്പെടുന്നത്.

അതേസമയം, നിജ്ജാറിനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ പൗരന്‍ സ്റ്റുഡന്റ് വിസയിലാണ് എത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രധാന പ്രതിയായ കരണ്‍ ബ്രാര്‍, പഞ്ചാബിലെ ബത്തിൻഡയിൽ എത്തിക് വര്‍ക്ക്‌സ് ഇമിഗ്രേഷന്‍ സര്‍വീസസ് വഴി സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചതായും പെട്ടെന്നുതന്നെ വിസ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

India Reply on Nijjar murder accused arrested

More Stories from this section

family-dental
witywide