മുൻ ‘റോ’ ഉദ്യോഗസ്ഥനെതിരായ അറസ്റ്റ് വാറണ്ടിൽ അമേരിക്കക്ക് ഇന്ത്യയുടെ മറുപടി, ‘അന്വേഷണവുമായി സഹകരിക്കും’, വികാഷ് ഇപ്പോൾ ഔദ്യോഗിക പദവിയിലില്ല

ദില്ലി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ നിർദ്ദേശം നൽകിയത് ഇന്ത്യയുടെ മുൻ റോ ഉദ്യോഗസ്ഥനായ വികാഷ് യാദവാണെന്ന് ചൂണ്ടികാട്ടിയുള്ള അമേരിക്കയുടെ അറസ്റ്റ് വാറണ്ടിന് ഇന്ത്യയുടെ മറുപടി. വികാഷ് യാദവ് ഇപ്പോൾ ഔദ്യോഗിക പദവിയിൽ ഇല്ലെന്നും അമേരിക്കയുടെ അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് ഇന്ത്യ മറുപടി നൽകിയിരിക്കുന്നത്.

നേരത്തെ ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ഇന്ത്യ പദ്ധതി തയ്യാറാക്കിയെന്ന ഗുരുതര ആരോപണമാണ് അമേരിക്ക ഉന്നയിച്ചത്. ഇന്ത്യക്കെതിരെ പന്നു സംസാരിച്ചു എന്നതാണ് വധശ്രമത്തിന് പ്രേരിപ്പിച്ചതെന്നും വിവരിച്ചിട്ടുണ്ട്. അമേരിക്കൻ പൗരനായ പന്നുവിന് അഭിപ്രായം പറയാനുള്ള ഭരണഘടനാ അവകാശമുണ്ടെന്നും ഇതിനെതിരെ ആര് പ്രവർത്തിച്ചാലും കർശനമായി നേരിടുമെന്നും എഫ് ബി ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ വ്യക്തമാക്കുകയും ചെയ്തിരുന്നു. മുൻ സൈനികൻ കൂടിയായ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനറെ ചിത്രം ഉൾപ്പെടുത്തി അമേരിക്ക അറസ്റ്റ് വാറണ്ട് നോട്ടീസും പുറത്തിറക്കുകയും ചെയ്തിരുന്നു.

പന്നുവിന്‍റെ താമസസ്ഥലമടക്കമുള്ള വിവരങ്ങൾ ഇപ്പോൾ അമേരിക്കൻ പിടിയിലുള്ള നിഖിൽ ഗുപ്ത എന്ന ഗുജറാത്ത് സ്വദേശിക്ക് കൈമാറിയത് വികാസ് യാദവാണെന്നാണ് എഫ് ബി ഐ പറയുന്നത്. പന്നുവിനെ വധിക്കാനുള്ള പദ്ധതി നിഖിൽ ഗുപ്ത തയ്യാറാക്കിയെന്നും കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് കരാർ ഏൽപ്പിച്ചത് ഒരു അമേരിക്കൻ ഏജന്‍റിനെയായിരുന്നുവെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. ഈ ഏജന്‍റ് മുഖേന അമേരിക്കൻ അന്വേഷണ ഏജൻസികൾ നിഖിൽ ഗുപ്തയെ നിരീക്ഷിച്ചതിലൂടെയാണ് റോ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. കാനഡയിലെ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകവും ഇതേ രീതിയിൽ നടത്തിയെന്ന വിവരവും നിഖിൽ ഗുപ്ത നൽകിയെന്നും അമേരിക്ക അവകാശപ്പെടുന്നുണ്ട്.

More Stories from this section

family-dental
witywide