അമേരിക്കൻ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ. വലിയ ഉയരങ്ങളിൽ നിന്ന് ശത്രു രാജ്യത്തെ ആക്രമിക്കാൻ കെൽപ്പുള്ള 31 പ്രിഡേറ്റർ ഡ്രോണുകളാണ് ഈ കരാറിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുക. ഇരു രാജ്യങ്ങളും ഇതു സംബന്ധിച്ച കരാർ ഇന്ന് ഒപ്പിട്ടു. 32000 കോടിരൂപയുടെ കരാറിൽ ഡ്രോണുകളുടെ അറ്റകുറ്റപ്പണികളടക്കം ഉൾപ്പെടും. അത് ഇന്ത്യയിൽതന്നെ ചയ്തു കൊടുക്കുകയും ചെയ്യുമെന്നാണ് അമേരിക്ക അറിയിച്ചിട്ടുള്ളത്.
ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യയുടെ ക്യാബിനറ്റ് കമ്മിറ്റി ഇതു സംബന്ധിച്ച കഴിഞ്ഞ ആഴ്ച തന്നെ അനുമതി നൽകിയിരുന്നു.
എതിരാളികളെ ഈ ഡ്രോണുകൾക്ക് വലിയ ഉയരങ്ങളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ ആക്രമിക്കാൻ സാധിക്കും. ഈ ഡ്രോണുകൾ കൂടി വരുന്നതോടെ ഇന്ത്യയുടെ സൈനിക ശക്തി വർധിക്കും. ഇന്ത്യയുടെ നിരീക്ഷണ സംവിധാനവും ഇന്റലിജൻസും മെച്ചപ്പെടുത്താൻ ഈ ഡ്രോണുകൾക്ക് സാധിക്കും. ദൂരെയുള്ള ലക്ഷ്യങ്ങളിലേക്ക് കൃത്യതയോടെ ആക്രമണം നടത്താനാകും എന്നതാണ് ഡ്രോണുകളുടെ പ്രത്യേകത. ഇന്ത്യയ്ക്ക് ഇത് ഏറ്റവുമധികം ഗുണം ചെയ്യാൻപോകുന്നത് ഇന്ത്യൻ മഹാസമുദ്രമേഖലയിലാണ്. ചൈന ഈ മേഖലയിൽ അവരുടെ നാവികസേനയെ കൂടുതലായി വിന്യസിച്ചുകൊണ്ട് ശക്തി വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്അമേരിക്കയുമായുള്ള കരാർ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ഇന്ത്യ കരുതുന്നു.
ഇന്ത്യ – അമേരിക്ക സർക്കാരുകൾ തമ്മിലുള്ള ധാരണകളുടെ അടിസ്ഥാനത്തിൽ പ്രതിരോധമേഖലയിൽ നിരവധി പുതിയ സംവിധാനങ്ങൾ വരാനിരിക്കുന്നു. ഒക്ടോബർ 9ന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതിനെ തുടർന്ന് 31 ഡ്രോണുകളും ഹെൽഫയർ മിസൈലുകളും ജിബിയു 39ബി ഗിൽഡ് ബോംബുകളും നാവിഗേഷൻ സംവിധാനങ്ങളും സെൻസറുകളും മൊബൈൽ ഗ്രൗണ്ട് കണ്‍ട്രോൾ സംവിധാനങ്ങളുമുൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഉടൻ ഇന്ത്യയിലേക്ക് വരും. അത് രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ലഭിച്ചു തുടങ്ങും. ആറു വർഷം കൊണ്ട് വിതരണം പൂർത്തിയാക്കും.
India signs 32000 crore deal with US to get 31 predator drones