അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ മുന്നേറ്റത്തിൽ ഇന്ത്യൻ ഓഹരിവിപണിയിലും പ്രകമ്പനം. സെൻസെക്സ് 700 പോയിന്റ് ഉയർന്ന് വീണ്ടും 80,000 കടന്നു. നിഫ്റ്റി 24,400 കടന്നു. ദീപാവലി മുഹൂർത്ത വ്യാപാരത്തിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ കനത്ത ഇടിവ് നേരിട്ട ഇന്ത്യൻ ഓഹരി വിപണിക്ക് അമേരിക്കയിൽ ട്രംപ് അധികാരത്തിലേക്ക് എന്ന് ഉറപ്പായതോടെയാണ് വമ്പൻ നേട്ടത്തിലേക്ക് കുതിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയതുമുതൽ ഉയർച്ചയിലേക്കാണ് സൂചികകൾ. ഐ ടി കമ്പനി ഓഹരികൾ കാര്യമായ നേട്ടം ഉണ്ടാക്കി. ക്രിപ്റ്റോ കറൻസികളും നേട്ടം ഉണ്ടാക്കി.
സെൻസെക്‌സ് സൂചികയിൽ ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ടൈറ്റൻ, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികൾ സൂചികയിൽ ഇന്ന് നഷ്ടത്തിലായിരുന്നു.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഏഴ് സ്വിംഗ് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിൽ വിജയിച്ചതോടെയാണ് ട്രംപ് വിജയം അനായാസമയാക്കിയത്. ഇപ്പോഴും വോട്ടെണ്ണൽ പുരോഗമിക്കെ 277 ഇലക്ടറൽ വോട്ടുമായി ഇപ്പോഴും മുന്നേറുകയാണ്. 7 സ്വിങ് സ്റ്റേറ്റികളിൽ 4 എണ്ണത്തിലും ട്രംപ് വിജയിച്ചു. മറ്റു 3 സംസ്ഥാനങ്ങളിലെ ഫലം വരാനിരിക്കുന്നതേയുള്ളു. ആകെയുള്ള 538 ൽ 270 ഇലക്ടറൽ വോട്ട് കിട്ടുന്ന വ്യക്തിയായിരിക്കും വിജയിക്കുക. അങ്ങനെ വോട്ടണ്ണൽ പുരോഗമിച്ച് 5 മണിക്കൂറിനുള്ളിൽ തന്നെ 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് ട്രംപ് എത്തിച്ചേർന്നു. ട്രംപ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക ജനുവരിയിലായിരിക്കും.