ഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയെ കരിവാരിത്തേക്കാനാണ് കനേഡിയന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഹര്‍ദീപ് നിജ്ജര്‍ വധക്കേസില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെ പെടുത്താനാണ് ശ്രമം. കൊലപാതക അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ ഉണ്ടെന്ന കാനഡയുടെ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഇന്ത്യയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ട്രൂഡോ ഇടപെട്ടു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടേതെന്നും വിദേശ കാര്യ മന്ത്രാലയം ആരോപിച്ചു. ട്രൂഡോ മത തീവ്രവാദികൾക്ക് കീഴടങ്ങിയാണ് ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ക്കും ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ ഉണ്ടെന്ന് ഇന്നലെ കാനഡ നയതന്ത്ര ആശയ വിനിമയത്തിലൂടെ ഇന്ത്യയെ അറിയിച്ചിരുന്നു. ഈ ആരോപണങ്ങളാണ് ഇന്ത്യ തള്ളിയിരിക്കുന്നത്.
കനേഡിയന്‍ പ്രധാനമന്ത്രിയുടേത് വോട്ട് ബേങ്ക് രാഷ്ട്രീയമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ജസ്റ്റിന്‍ ട്രൂഡയ്ക്ക് ഇന്ത്യയോടുള്ള ശത്രുത ഏറെക്കാലമായി വ്യക്തം. കാനഡ സര്‍ക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ തെളിവ് ചോദിച്ചെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് നല്‍കിയിട്ടില്ല. ഇന്ത്യയുമായി ബന്ധപ്പെട്ട വിഘടന-തീവ്രവാദവുമായി ബന്ധമുള്ളവരെ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു