ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അഭിസംബോധന ചെയ്ത ഒരു പരിപാടിയില്‍ ‘ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിന് കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ. സംഭവം ഇന്ത്യ-കാനഡ ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയില്‍ നല്‍കിയിട്ടുള്ള രാഷ്ട്രീയ ഇടം ഇത് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുകയും അക്രമത്തിന്റെ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യ ഇത്തരം അസ്വസ്ഥതയുണ്ടാക്കുന്ന നടപടികള്‍ ചടങ്ങില്‍ തുടരാന്‍ അനുവദിച്ചതില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അഗാധമായ ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഖല്‍സ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ പ്രസംഗത്തിനായി സ്റ്റേജിലേക്ക് കയറുമ്പോള്‍, ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉച്ചത്തില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. കാനഡ ആസ്ഥാനമായുള്ള സിപിഎസി ടിവി പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യമുള്ളത്. പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവര്‍ പ്രസംഗം ആരംഭിക്കാന്‍ വേദിയിലേക്ക് കയറിയപ്പോഴും മുദ്രാവാക്യം ആവര്‍ത്തിച്ചിരുന്നു.
ടൊറന്റോ നഗരത്തിലെ ഏറ്റവും വലിയ വാര്‍ഷിക ഒത്തുചേരലുകളില്‍ ഒന്നാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഖല്‍സ ദിനാഘോഷം. ഞായറാഴ്ച ഇതിനായി ടൊറന്റോ നഗരത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.