ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു, കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ; ‘ഇന്ത്യൻ ഹൈക്കമ്മീഷണറെ പ്രതിയാക്കരുത്’

ദില്ലി: ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമീഷണറെയും പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. കാനഡയുടെ നീക്കത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ഇന്ത്യ. കനേഡിയൻ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷണറെ പ്രതിയാക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നിജ്ജറിന്റെ കൊലപാതകത്തിൽ ഉൾപ്പെടെ ഇന്ത്യൻ ഹൈകമ്മീഷണർക്കെതിരെ കേസെടുക്കാൻ കാനഡ ഇന്ത്യയുടെ അനുവാദം തേടിയിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകുന്നത്.

നേരത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഹൈകമ്മീഷണറെ കേസിൽപ്പെടുത്താൻ നോക്കുന്നത്, ട്രൂഡോ മത തീവ്രവാദികൾക്ക് കീഴടങ്ങിയതുകൊണ്ടാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

അതേസമയം കാനഡയിൽ വച്ച് ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലചെയ്യപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഇന്ത്യക്കെതിരെ ട്രൂഡോ പലതവണ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവ‍ർ കനേഡിയൻ പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയും നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ ഒതുങ്ങിയെന്ന് നിനച്ചിരിക്കവെയാണ് ഇപ്പോൾ ഇന്ത്യൻ ഹൈക്കമീഷണറെ തന്നെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കം ഉണ്ടായിരിക്കുന്നത്.

More Stories from this section

family-dental
witywide