ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരം. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഉന്നംവെക്കുന്ന ആയുധസംവിധാനത്തിന്റെ പരിധി, കൃത്യത, സ്ഥിരത തുടങ്ങിയവ പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു പരീക്ഷണ പറക്കൽ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആയുധം.
പരീക്ഷണ വിജയത്തിൽ ഡി.ആർ.ഡി.ഒ.യെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. ഫ്രാൻസും നൂതന റോക്കറ്റ് സംവിധാനത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാൻസുമായി ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ. ആണ് പരീക്ഷണം നടത്തിയത്. വിവിധ ഫീൽഡ് ഫയറിങ് റേഞ്ചുകളിൽ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു പരീക്ഷണം.
രണ്ട് ഇന്‍-സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍നിന്നും 12 റോക്കറ്റുകളുടെ പരീക്ഷണമാണ് ഡി.ആർ.ഡി.ഒ വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയത്. അമേരിക്കയുടെ ഹിമാർസ്(HIMARS) സംവിധാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന സംവിധാനമാണ് ഇന്ത്യയുടെ പിനാക.
India Test Pinaka rocket system