പാരിസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് അവസാന നിമിഷം ത്രസിക്കുന്ന സമനില. ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തില്‍ ലോക ഹോക്കിയിലെ കരുത്തരായ അര്‍ജന്റീനയെ ഇന്ത്യ 1-1 നാണ് പിടിച്ചുകെട്ടിയത്. മല്‍സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഹര്‍മന്‍പ്രീതിന്റെ ഗോളിലൂടെ ഇന്ത്യ നാടകീയ സമനില പിടിച്ചെടുത്തത്. പെനാൽറ്റി കോർണർ വലയിലെത്തിച്ചാണ് നായകൻ ഇന്ത്യക്ക് സമനില നൽകിയത്.
ഒളിംപിക്‌സ് ഹോക്കിയില്‍ ഇതു രണ്ടാം തവണ മാത്രമാണ് അര്‍ജന്റീനയെ സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചിരിക്കുന്നത്. ഇതിനു മുമ്പ് ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ക്കെതിരേ ഇന്ത്യ സമനില നേടിയത് 2004 ലായിരുന്നു. ഇന്ത്യയുടെ അടുത്ത മല്‍സരം നാളെ അയര്‍ലാന്‍ഡുമായിട്ടാണ്.
അർജന്റീനയുടെ ലുക്കാസ് മാർട്ടിനെസ് 22-ാം മിനിട്ടിലാണ് ഇന്ത്യയെ ഞെട്ടിപ്പിച്ച് ആദ്യ ഗോൾ നേടുന്നത്. 41-ാം മിനിട്ടിൽ ഒപ്പമെത്താനുള്ള അവസരം അഭിഷേക് നഷ്ടമാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഒടുവിൽ അവസാന നിമിഷം നായകൻ രക്ഷകനായതോടെയാണ് ഇന്ത്യക്ക് ആശ്വാസം ആയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രാഹുൽ ദ്രാവിഡും ഹോക്കി ടീമിന് പിന്തുണയുമായി പാരിസിലെ സ്റ്റേഡിയത്തിലെത്തിയിരുന്നു.