റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേൽക്കൈ. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ 307 റണ്‍സിൽ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് 46 റൺസിന്‍റെ നിർണായക ലീഡുണ്ട്. വീരോചിതമായി പോരാടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജൂറെലിന് സെഞ്ചുറി നഷ്ടമായത് ഏവർക്കും നൊമ്പരമായി. 219 – 7 എന്ന നിലയിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്‍റെ പോരാട്ടമാണ് കരുത്തായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ 300 കടത്തിയ ജുറെല്‍ ലഞ്ചിന് തൊട്ടു മുമ്പ് അവസാന ബാറ്ററായാണ് പുറത്തായത്.
മൂന്നാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ കുല്‍ദീപ് യാദവും ധ്രുവ് ജുറെലും പിടിച്ചുനിന്നതോടെയാണ് ഇന്ത്യ പൊരുതാവുന്ന നിലയിലേക്ക് എത്തിയത്. ഇന്ത്യന്‍ സ്കോര്‍ 250 കടന്നതിന് പിന്നാലെ കുല്‍ദീപ് ആന്‍ഡേഴ്സന്‍റെ പന്തില്‍ നിര്‍ഭാഗ്യകരമായി പുറത്തായി. ആന്‍ഡേഴ്സന്‍റെ പന്ത് പ്രതിരോധിച്ച കുല്‍ദീപിന്‍റെ ബാറ്റില്‍ കൊണ്ട പന്ത് ഉരുണ്ട് നീങ്ങി സ്റ്റംപില്‍ കൊള്ളുകയായിരുന്നു. എട്ടാം വിക്കറ്റില്‍ ധ്രൂവ് ജുറെലിനൊപ്പം 76 റണ്‍സിന്‍റെ വിലയേറിയ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷമാണ് കുല്‍ദീപ് പുറത്തായത്. 131 പന്തുകള്‍ നേരിട്ട കുല്‍ദീപ് 28 റണ്‍സ് സംഭാവന ചെയ്ത ശേഷമാണ് മടങ്ങിയത്.
കുല്‍ദീപ് വീണതോടെ ഇന്ത്യയെ എളുപ്പം വീഴ്ത്താമെന്ന് ഇംഗ്ലണ്ട് കരുതിയെങ്കിലും പത്താമനായി എത്തിയ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപും പോരാട്ടവീര്യം പുറത്തെടുത്തു. ഒരു സിക്സ് അടക്കം 29 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ആകാശ് ദീപ്, ജുറൈലിനൊപ്പം 40 റൺസിന്‍റെ കൂട്ടുകെട്ടിൽ പങ്കാളിയായി. ആകാശ് ദീപ് പുറത്തായശേഷം സിറാജിനെ ഒരറ്റത്ത് നിര്‍ത്തി സിക്സും ബൗണ്ടറിയും നേടി 90 ല്‍ എത്തിയ ധ്രുവ് ജുറെല്‍ ഇംഗ്ലണ്ടിന്‍റെ ലീഡ് പരമാവധി കുറച്ചു. ഒടുവിവല്‍ അര്‍ഹിച്ച സെഞ്ചുറിക്ക് 10 റണ്‍സകലെ ടോം ഹാര്‍ട്‌ലിയുടെ തകർപ്പനൊരു പന്തില്‍ ബൗള്‍ഡായി ജുറെല്‍ പുറത്താവുമ്പോള്‍ ഇംഗ്ലണ്ടിന് 46 റണ്‍സിന്‍റെ ലീഡ് മാത്രമാണുണ്ടായിരുന്നത്. ഇംഗ്ലണ്ടിനായി ഓഫ് സ്പിന്നര്‍ ഷുയൈബ് ബഷീര്‍ 119 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ടോം ഹാര്‍ട്‌ലി മൂന്നും ആന്‍ഡേഴ്സണ്‍ രണ്ടും വിക്കറ്റെടുത്തു.
India vs England 4th Test Day 3 Live Score: England bowl India out for 307, take 46 run lead