അമേരിക്കയിൽ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി; വിജയം 46 പന്തുകൾ ബാക്കി നിൽക്കെ

ന്യൂയോർക്ക്: അയർലൻഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ടി20 ലോകകപ്പ് 2024ൽ ഇന്ത്യക്ക് മിച്ച വിജയത്തോടെ തുടക്കം. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അയര്‍ലന്‍ഡിനെ 16 ഓവറില്‍ 96 റണ്‍സിന് പുറത്താക്കി 12.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഹാർദിക് പാണ്ഡ്യ മൂന്നു വിക്കറ്റുകളും അർഷ്ദീപ് സിംഗും ജസ്പ്രീത് ബുംറയും രണ്ടുവിക്കറ്റുകൾ വീതവും വീഴ്ത്തി. മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

37 പന്തിൽ 52 റൺസ് എടുത്താണ് ക്യാപ്റ്റൻ രോഹിത് ശർമ മടങ്ങിയത്. കൈക്ക് പന്തുകൊണ്ടതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. മൂന്നു സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. വണ്‍ഡൗണായി ഇറങ്ങിയ ഋഷഭ് പന്ത് 26 പന്തിൽ 36 റൺസെടുത്തു പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് 16 ഓവറിൽ 96 റൺസെടുത്തു പുറത്തായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാന്‍ അയര്‍ലന്‍ഡിനായില്ല. 14 പന്തിൽ 26 റൺസെടുത്ത ഗരെത് ഡെലാനിയാണ് അയർലൻഡ് നിരയിലെ ടോപ് സ്കോറർ. ലോർകൻ ടക്കർ (10), കേർട്ടിസ് കാംപർ (12), ജോഷ് ലിറ്റിൽ (14) എന്നിവരും രണ്ടക്കം കടന്നു.

More Stories from this section

family-dental
witywide