ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും ഹീറോ ബൂട്ടയിച്ചു, പ്രിയനായകന് വിടവാങ്ങൽ ജയമില്ലാത്തതിൽ നിരാശ, കുവൈത്തിനെതിരെ സമനില

കൊല്‍ക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും ഹീറോയായ ഇതിഹാസ താരം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിനോട് വിടചൊല്ലി. കൊൽക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ഛേത്രി ബൂട്ടയിച്ചത്. പ്രിയ നായകന് വിജയത്തോടെ യാത്രയയപ്പ് നല്‍കാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞില്ല എന്നത് നിരാശയായി. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ഗോള്‍രഹിതമായി പിരിഞ്ഞു.

തുടക്കം മുതൽ തന്നെ ജയം ലക്ഷ്യമിട്ട് ഇന്ത്യ ആക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 48 ശതമാനം പന്താധിപത്യമുണ്ടായിരുന്ന ഇന്ത്യ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായിച്ച മൂന്നെണ്ണം ഉള്‍പ്പെടെ 15 ഷോട്ടുകളുതിര്‍ത്തു. എന്നാല്‍, ഗോളാക്കി മാറ്റാനായില്ല. രണ്ടാം റൗണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം, രണ്ട് വീതം സമനിലയും തോല്‍വിയുമായി അഞ്ച് പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ നാല് ജയവും ഒരു സമനിലയുമായി 13 പോയിന്റുള്ള ഖത്തറാണ് ഒന്നാമത്. ഇതോടെ മൂന്നാം റൗണ്ട് യോഗ്യതക്കും എ എഫ് സി ഏഷ്യന്‍ കപ്പിലേക്കുള്ള പ്രവേശനത്തിനും ഇന്ത്യ ഇനിയും കാത്തിരിക്കണമെന്നതാണ് സാഹചര്യം.

ഛേത്രിയുടെ 151ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. 94 ഗോളുകളും 11 അസ്സിസ്റ്റുമാണ് സമ്പാദ്യം. അന്താരാഷ്ട്ര തലത്തില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അലി ദേയി, ലയണല്‍ മെസ്സി എന്നിവര്‍ക്ക് പിന്നിലായി നാലാം സ്ഥാനത്തുള്ള ഛേത്രിയുടെ 19 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിട്ടത്.

More Stories from this section

family-dental
witywide