ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി 20 യില്‍ തകർപ്പൻ ജയം നേടി ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. ഇന്ന് നടന്ന മത്സരത്തിൽ 23 റണ്‍സിനാണ് ഇന്ത്യൻ യുവ ടീം വിജയം ആഘോഷിച്ചത്. ഇന്ത്യ ഉയർത്തി 183 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നിൽ സിംബാബ്‌വെയുടെ പോരാട്ടം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സിൽ അവസാനിച്ചു. അര്‍ധ സെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്സ് സിംബാബ്വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. വാഷിങ്ടണ്‍ സുന്ദറിന്റെ മികച്ച ബൗളിങ്ങാണ് ആതിഥേയരെ തകര്‍ത്തത്. നാലോവറില്‍ പതിനഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് തുണയായത്. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ചറി നേടി. 49 പന്തുകള്‍ നേരിട്ട ഗില്‍ 66 റണ്‍സെടുത്തു പുറത്തായി. 28 പന്തുകളില്‍നിന്ന് ഋതുരാജ് ഗെയ്ക്വാദ് 49 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ 27 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി. സഞ്ജു 12 റൺസ് നേടി പുറത്താകാതെ നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2 – 1 ന് മുന്നിലെത്തി.