സിംബാബൻ മണ്ണിൽ പരമ്പര നേടി ‘ന്യൂ’ ഇന്ത്യ, നാലാം ടി 20 യിൽ ജെയ്‌സ്‌വാള്‍ – ഗില്‍ കൂട്ടുകെട്ടിൽ 10 വിക്കറ്റ് ജയം

ഹരാരെ: സിംബാബ്‍വെയിൽ ടി 20 പരമ്പര വിജയം നേടി ‘ന്യൂ’ ഇന്ത്യ. ഇന്ന് നടന്ന നാലാം ടി 20 യിൽ 10 വിക്കറ്റിന്‍റെ ഉജ്വല വിജയവുമായാണ് ഇന്ത്യൻ യുവനിര പരമ്പര സ്വന്തമാക്കിയത്. സിംബാബ്‍വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായിറങ്ങിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെയും യശസ്വി ജെയ്സ്വാളിന്‍റെയും അര്‍ധ സെഞ്ചുറികളാണ് ഇന്ത്യൻ സംഘത്തിന് അനായാസ വിജയം സമ്മാനിച്ചത്. സ്കോർ- സിംബാബ്‍വെ: 20 ഓവറിൽ 7 ന് 152, ഇന്ത്യ: 15.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 156.

ഇന്ത്യയ്ക്കായി യശസ്വി ജെയ്സ്വാളും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അര്‍ധ സെഞ്ചുറി നേടി. 53 പന്തുകൾ നേരിട്ട യശസ്വി 93 റൺസും (13 ഫോറുകളും 2 സിക്സും) 39 പന്തുകൾ നേരിട്ട ഗിൽ 58 റൺസും എടുത്തു. 28 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. പരമ്പര സ്വന്തമാക്കിയ ഇന്ത്യ 3–1ന് മുന്നിലാണ്. അഞ്ചാം മത്സരം ഞായറാഴ്ച വൈകിട്ട് 4.30ന് ഹരാരെയിൽ നടക്കും.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‍വെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 152 റൺസെടുത്തത്. 28 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ പ്രകടനമാണ് സിംബാബ്‍വെയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണർമാരായ വെസ്ലി മാധവരെയും ടഡിവനാഷെ മരുമനിയും തിളങ്ങി. 2 വിക്കറ്റ് നേടിയ ഖലീൽ അഹമ്മദാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.