ധാക്ക: ഓഗസ്റ്റില്‍ നടന്ന ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയിലേക്ക് നാടുകടന്ന മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാന്‍ ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇടക്കാല സര്‍ക്കാരിന്റെ 100 ദിവസം പൂര്‍ത്തിയാകുന്ന വേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് യൂനുസ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്നും യൂനുസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം യുകെ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, ഹസീനയെ ഇന്ത്യയില്‍ നിന്ന് തിരിച്ചയയ്ക്കാന്‍ തന്റെ സര്‍ക്കാര്‍ ഉടന്‍ ശ്രമിക്കില്ലെന്ന് യൂനുസ് പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്നുള്ള മാറ്റമാണ് പുതിയ അഭിപ്രായത്തില്‍ പ്രതിഫലിക്കുന്നത്. ഹസീന സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടെ 1500 ഓളം പേര്‍ കൊല്ലപ്പെടുകയും 19,931 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഓഗസ്റ്റ് 8 ന് അധികാരമേറ്റ യൂനുസ് അവകാശപ്പെട്ടിരുന്നു.
പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നാലെ ഓഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഇന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ കഴിയുകയാണ് ഹസീനയും സഹോദരിയും.