ന്യൂഡല്‍ഹി: യുക്രെയ്നില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയിന്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുന്നോടിയായി , ഒരു സംഘര്‍ഷത്തിനും യുദ്ധഭൂമിയില്‍ പരിഹാരം കാണാനാകില്ലെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നുവെന്നും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തന്റെ ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി യുക്രെയിനില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി പോളണ്ടിലാണ് മോദിയുള്ളത്.
യുക്രെയിനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ നമുക്കെല്ലാവര്‍ക്കും ആഴത്തിലുള്ള ആശങ്കയാണെന്നും യുദ്ധക്കളത്തില്‍ ഒരു പ്രശ്നത്തിനും പരിഹാരം കാണാനാകില്ലെന്നത് ഇന്ത്യയുടെ ഉറച്ച വിശ്വാസമാണെന്നും പോളണ്ടിലെത്തിയ മോദി പറഞ്ഞു. ഏത് പ്രതിസന്ധിയിലും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും സമാധാനവും സുസ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിന് ചര്‍ച്ചയെ പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു. ഇതിനായി ഇന്ത്യയും സൗഹൃദ രാജ്യങ്ങളും സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷഭൂമിയായി മാറിയ യുക്രെയിനില്‍ ഏഴ് മണിക്കൂറോളം മോദി ഉണ്ടാകും. ഇന്ന് വൈകുന്നേരം അദ്ദേഹം ട്രെയിനില്‍ യുക്രേനിയന്‍ തലസ്ഥാനമായ കൈവിലേക്ക് പുറപ്പെടും. യാത്രയ്ക്ക് ഏകദേശം 10 മണിക്കൂര്‍ എടുക്കും.
അരനൂറ്റാണ്ടിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദര്‍ശനമാണ് ഇപ്പോള്‍ നടക്കുന്നത്. ബുധനാഴ്ചയാണ് മോദി പോളണ്ടിലെത്തിയത്.