പാരിസ് ഒളിമ്പിക്‌സ്: ഹോക്കിയില്‍ വെങ്കലമണിഞ്ഞ് ഇന്ത്യ; വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിന് അഭിമാന മടക്കം

ന്യൂഡല്‍ഹി: വ്യാഴാഴ്ച പാരീസില്‍ നടന്ന ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കല മെഡല്‍ നേട്ടം. സ്പെയിനിനെ 2-1ന് പരാജയപ്പെടുത്തി ഒളിമ്പിക്‌സ് ഗെയിംസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ വെങ്കലമാണ് നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യ വെങ്കമണിഞ്ഞിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാം വെങ്കലവും.

കളിയില്‍ ഉടനീളം ഉജ്ജ്വല സേവുകള്‍ നടത്തിയ മലയാളി താരം ശ്രീജേഷിന്റെ മികവും ഇന്ത്യയുടെ വെങ്കല മെഡലിന് തിളക്കമേകി. ഒളിമ്പിക്‌സിനു മുന്നോടിയായി വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിന്റെ അവസാനത്തെ മത്സരം കൂടിയായിരുന്നു ഇത്.

വെങ്കല മെഡല്‍ പോരാട്ടത്തില്‍ ആദ്യ 30 മിനിറ്റില്‍ സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തി. ഉയര്‍ന്ന ഊര്‍ജ്ജവും നിയന്ത്രണവും പ്രകടിപ്പിച്ചാണ് തുടക്കത്തില്‍ സ്‌പെയിന്‍ കളി നിയന്ത്രിച്ചത്. സ്പാനിഷ് ടീമിന്റെ ആക്രമണാത്മക സമീപനവും മികച്ച പൊസഷനും ഇന്ത്യന്‍ പ്രതിരോധത്തെ നിരന്തരമായ സമ്മര്‍ദ്ദത്തിലാക്കി, അവരുടെ സമയോചിതമായ ഇടപെടലുകള്‍ ഇന്ത്യയുടെ ആക്രമണകാരികളെ നിരാശരാക്കി. 18-ാം മിനിറ്റില്‍ സ്പെയിനിന് പെനാല്‍റ്റി സ്‌ട്രോക്ക് ലഭിച്ചു. മാര്‍ക് മിറാലെസ് അത് ഗോളാക്കി സ്പെയിനിന് നിര്‍ണായക ലീഡ് നല്‍കി.

തിരിച്ചടി നേരിട്ടെങ്കിലും ആദ്യപകുതിയുടെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ഇന്ത്യ ആഞ്ഞടിച്ചു. വെറും 21 സെക്കന്‍ഡ് ശേഷിക്കെ, ഒരു ഇന്ത്യന്‍ ആക്രമണത്തില്‍ പന്ത് സ്പാനിഷ് ഡിഫന്‍ഡര്‍ പെപ്പെ കുനിലിന്റെ കാലില്‍ സര്‍ക്കിളിനുള്ളില്‍ തട്ടി ഇന്ത്യക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. ഗെയിംസിലുടനീളം പെനാല്‍റ്റി കോര്‍ണറുകളില്‍ ശ്രദ്ധേയമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് അത് പാഴാക്കിയില്ല, ഹാഫ്‌ടൈമിന് തൊട്ടുമുമ്പ് സ്‌കോര്‍ സമനിലയിലാക്കി. രണ്ടാം പകുതിയില്‍ ഇന്ത്യ മുന്നേറി. മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍ ഗോളും നേടി ഹര്‍മന്‍പ്രീത് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു.

More Stories from this section

family-dental
witywide