
വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസ് അംഗമായ രാജാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ സമോസ കോക്കസ് അംഗങ്ങൾ ഹിന്ദുക്കൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് വ്യക്തത തേടി നീതിന്യായ വകുപ്പിന് കത്തെഴുതി. മാർച്ച് 29 ന് നൽകിയ കത്തിൽ, ഏപ്രിൽ 18 വ്യാഴാഴ്ചയ്ക്കുള്ളിൽ ഒരു വിശദീകരണം നൽകണമെന്ന് കത്തിൽ വകുപ്പിനോട് ആവശ്യപ്പെട്ടു. കത്തിൽ ഒപ്പിട്ടവരിൽ കോൺഗ്രസ് അംഗങ്ങളായ റോ ഖന്ന, പർമിള ജയപാൽ, അമി ബെറ, എം.ഡി. താനേദർ എന്നിവരും ഉൾപ്പെടുന്നു.
അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ക്രിസ്റ്റൻ ക്ലാർക്കിനെ അഭിസംബോധന ചെയ്ത കത്തിൽ, ഹിന്ദു ക്ഷേത്രങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ആരാധനാലയങ്ങളിൽ അക്രമങ്ങളും നാശംവിതയ്ക്കുന്ന പ്രവർത്തനങ്ങളും ഭയാനകമായ രീതിയിൽ വർദ്ധിച്ചിട്ടുള്ളതായി ചൂണ്ടിക്കാട്ടി.
ഈ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ സ്ഥിതിയെക്കുറിച്ച് നീതിന്യായ വകുപ്പിൽ നിന്ന് ഒരു സംക്ഷിപ്ത വിവരം ലഭ്യമാക്കണമെന്ന് കത്തിൽ പറയുന്നുണ്ട്.
“ന്യൂയോർക്ക് മുതൽ കാലിഫോർണിയ വരെയുള്ള ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ ഹിന്ദു അമേരിക്കക്കാർക്കിടയിൽ കൂട്ടായ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നതിന് കാരണമായി” എന്ന് കത്തിൽ എടുത്തുകാണിക്കുന്നു. ഇതേക്കുറിച്ച് കാര്യമായ അന്വേഷണങ്ങളില്ലാത്തത് ഭയപ്പെടുത്തുന്നുവെന്നും കത്തിൽ പറയുന്നു.