വിര്‍ജീനിയയില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രൈമറിയില്‍ വിജയിച്ച് ഇന്ത്യന്‍-അമേരിക്കന്‍ സുഹാസ് സുബ്രഹ്മണ്യം

വാഷിംഗ്ടണ്‍: വിര്‍ജീനിയയില്‍ കോണ്‍ഗ്രസ്സ് സീറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഇന്ത്യന്‍-അമേരിക്കന്‍ യുവാവ് സുഹാസ് സുബ്രഹ്മണ്യം. മറ്റൊരു ഇന്ത്യന്‍-അമേരിക്കന്‍ ക്രിസ്റ്റില്‍ കൗള്‍ ഉള്‍പ്പെടെ 11 സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് സുഹാസ് സുബ്രഹ്മണ്യത്തിന്റെ ജയം.

37 കാരനായ സുഹാസ് ഹൂസ്റ്റണിലാണ് ജനിച്ചത്. മാതാപിതാക്കള്‍ ബെംഗളൂരുവില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ്. 2015ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ സുഹാസിനെ വൈറ്റ് ഹൗസ് ടെക്നോളജി പോളിസി അഡൈ്വസറായി നിയമിച്ചു.

2019-ല്‍ വിര്‍ജീനിയ ജനറല്‍ അസംബ്ലിയിലേക്കും 2023-ല്‍ വിര്‍ജീനിയ സ്റ്റേറ്റ് സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍-അമേരിക്കനും ഹിന്ദുവും ദക്ഷിണേഷ്യക്കാരനുമാണ് സുഹാസ്. അമേരിക്കയ്ക്ക് മികച്ച ഭാവി ഉറപ്പാക്കാനാണ് താന്‍ കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നതെന്ന് സുഹാസ് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍-അമേരിക്കന്‍ ജനസംഖ്യ കൂടുതലുള്ള വിര്‍ജീനിയയിലെ 10-ാമത് കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റില്‍ നിന്നാണ് സുബ്രഹ്മണ്യം യുഎസ് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നത്.

നിലവിലെ അംഗമായ ഡെമോക്രാറ്റ് കോണ്‍ഗ്രസ് വുമണ്‍ ജെന്നിഫര്‍ വെക്സ്റ്റണ്‍ ഈ സീറ്റില്‍ മത്സരിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഇപ്പോള്‍ മൈക്ക് ക്ലാന്‍സിയെ നേരിടുന്ന സുബ്രഹ്മണ്യത്തെ വെക്സ്റ്റണ്‍ അംഗീകരിച്ചിരുന്നു.

More Stories from this section

family-dental
witywide