റോഡിലെ തർക്കം; ട്രക്ക് ഡ്രൈവറുടെ വെടിയേറ്റ് ഇന്ത്യൻ നവവരൻ കൊല്ലപ്പെട്ടു, അക്രമം ഭാര്യയുടെ മുന്നിൽ വച്ച്

വാഷിങ്ടണ്‍: റോഡിലെ തര്‍ക്കത്തിന് പിന്നാലെ അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് ഭാര്യയുടെ കണ്‍മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ആഗ്ര സ്വദേശിയായ ഗവിന്‍ ദസൗറാണ് (29) മരിച്ചത്. ഇന്ത്യാനയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഗവിൻ്റെ വിവാഹം കഴിഞ്ഞിട്ട് 17 ദിവസം മാത്രമേയായിരുന്നുള്ളു. ജൂണ്‍ 29-നായിരുന്നു ഗവിന്റെയും മെക്‌സിക്കോ സ്വദേശിനിയായ വിവിയാനയുടെയും വിവാഹം.

ഗവിന്‍, ഭാര്യ വിവിയാന സമോറയുമൊത്ത് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിടെയായിരുന്നു സംഭവം. ഗവിന്‍ വെടിയേറ്റ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഗവിന്‍ തന്റെ കാറില്‍നിന്ന് ഇറങ്ങുന്നതും ഒരു പിക്ക് അപ്പ് ട്രക്ക് ഡ്രൈവറോട് ദേഷ്യത്തില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ട്രക്കിന്റെ വാതിലില്‍ ഇടിക്കുന്നുമുണ്ട്. ഇതിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഗവിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

ഗവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. ഗവിനു നേര്‍ക്ക് വെടിയുതിര്‍ത്തയാളെ സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു. സ്വയംരക്ഷാര്‍ഥമാണ് ഇയാള്‍ ഗവിന് നേര്‍ക്ക് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനും മാരിയണ്‍ കൗണ്ടി പ്രോസിക്യൂട്ടേഴ്‌സ് ഓഫിസുമായുള്ള കൂടിയാലോചനയ്ക്കും ശേഷമാണ് പ്രതിയെ വിട്ടയച്ചതെന്ന് പോലീസ് വക്താവ് അറിയിച്ചു.

Indian American Youth Shot dead over street fight in Indiana