മോസ്‌കോ: റഷ്യയിൽ യുക്രെയിനെതിരെ യുദ്ധം ചെയ്ത ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹരിയാന സ്വദേശിയായ രവി മൗൻ (22) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇയാളെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. മരണം വിവരം എംബസി ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചു. രവിയെ റഷ്യ നിർബന്ധിതമായി സൈന്യത്തിൽ ചേർത്തതാണെന്ന് കുടുംബം ആരോപിച്ചു.
മാർച്ച് 12നാണ് കുടുംബവുമായി ഒടുവിൽ ബന്ധപ്പെട്ടത്. റഷ്യയിൽ ഡ്രൈവറുടെ ജോലി വാങ്ങിത്തരാം എന്ന ഉറപ്പിലാണ് ഏജന്റ് രവിയെ കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം കുടുംബത്തിന് നൽകാൻ മാതാവിന്റെ ഡിഎൻഎ പരിശോധന റിപ്പോർട്ട് നൽകണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. യുദ്ധത്തിൽ പങ്കെടുക്കുന്ന വിവരം മാർച്ച് ആറിന് രവി കുടുംബത്തിനെ അറിയിച്ചിരുന്നു.
സൈന്യത്തിൽ സേവനം അനുഷ്‌ഠിച്ചില്ലെങ്കിൽ 10 വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് രവി യുദ്ധത്തിൽ ചേർത്തതെന്നും കുടുംബം ആരോപിച്ചു. രവിയുടെ മൃതദേഹം പരമാവധി വേഗം വിട്ടുകിട്ടാൻ കുടുംബം പ്രധാനമന്ത്രിയുടെ സഹായം തേടി. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ യുദ്ധമുഖത്തുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉറപ്പ് നൽകിയിരുന്നു.
Indian citizen killed in Russia-ukraine war