ഉൾക്കടലിൽ മണിക്കൂറുകൾ നീണ്ട തക‍ർപ്പൻ ചെയ്സിംഗ്, പാക് കപ്പലിനെ വട്ടമിട്ട് പിടിച്ച് ‘ഇന്ത്യ’, മത്സ്യതൊഴിലാളികളെ മോചിപ്പിച്ചു

മുംബൈ: ഉൾക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ തകർപ്പൻ ഹീറോയിസത്തിന് മുന്നിൽ മുട്ടുമടക്കി പാക്കിസ്ഥാൻ മാരിടൈം ഏജൻസി. പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സാഹസികമായി മോചിപ്പിക്കുകയായിരുന്നു. പാക്ക് മാരിടൈം ഏജൻസിയുടെ കപ്പലിനെ മണിക്കൂറുകൾ പിന്തുടർന്ന ശേഷം ചെയ്സ് ചെയ്ത് പിടിച്ചാണ് 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ​ഗാർഡ് രക്ഷിച്ചത്. ഗുജറാത്തിന് സമീപത്തെ ഇന്ത്യ – പാക്ക് സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവമുണ്ടായത്.

ഇന്നലെയായിരുന്നു സംഭവം. സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ചാണ് ഏഴ് മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ കസ്റ്റഡിയിലെടുക്കുന്നത്. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി കപ്പൽ പി എം എസ് നുസ്രത്തിൽ കയറ്റി മത്സ്യത്തൊഴിലാളികളെ പിടികൂടി കൊണ്ടുപോകുകയായിരുന്നു. എന്നാൽ സംഭവമറിഞ്ഞ ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ കപ്പലായ ഐ സി ജിഎസ് അഗ്രിം രണ്ടു മണിക്കൂറിലധികം പാക് കപ്പലിനെ പിന്തുടർന്ന് വട്ടമിട്ട് പിടിക്കുകയായിരുന്നു. പാകിസ്ഥാൻ സമുദ്ര അതിർത്തിക്ക് സമീപത്ത് വച്ച് തടഞ്ഞ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ‘മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാതെ നിങ്ങൾക്ക് പോകാനാകില്ല’ എന്ന് തീർത്തുപറഞ്ഞു. ഇതോടെയാണ് കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്ക് മാരിടൈം ഏജൻസി കപ്പലിൽ നിന്നും മോചിപ്പിച്ചത്.

കാൽ ഭൈരവ് എന്ന മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. വിട്ടയച്ച മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവരുടെ മത്സ്യബന്ധന ബോട്ട് കാൽ ഭൈരവ് സംഭവത്തിനിടെ കേടുപാടുകൾ സംഭവിക്കുകയും ഇത് കടലിൽ മുങ്ങിപ്പോയതായും അധികൃതർ വ്യക്തമാക്കി. തിങ്കളഴ്ച ഓഖ തുറമുഖത്തേക്ക് കോസ്റ്റ് ഗാർഡ് കപ്പൽ തിരികെയെത്തിയ ശേഷം മത്സ്യത്തൊഴിലാളികളെ പൊലീസിന് കൈമാറിയിട്ടുണ്ട്.

More Stories from this section

family-dental
witywide