മോസ്കോ: റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി റഷ്യയിലെ ഇന്ത്യൻ സമൂഹം. തിങ്കളാഴ്ച വിമാനത്താവളത്തിൽ നിന്ന് മോസ്‌കോയിലെ ഹോട്ടലിലേക്ക് യാത്ര ചെയ്യുന്ന പ്രധാനമന്ത്രിയെ കാണാൻ റഷ്യയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ റോഡിൻ്റെ ഇരുവശങ്ങളിലും അണിനിരന്നു.
തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട അദ്ദേഹം വൈകിട്ട് 5.10-ഓടെയാണ് മോസ്‌കോയിലെത്തിയത്. ചൊവ്വാഴ്ച മോസ്‌കോയില്‍ നടക്കുന്ന 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് മുന്നോടിയായി പുതിന്‍ ഇന്ന് മോദിക്ക് അത്താഴവിരുന്ന് നല്‍കും. 2015 ന് ശേഷം റഷ്യൻ തലസ്ഥാനത്തിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍, ഡെനിസ് മന്‍ടുറോവാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മോദിയെ ഹോട്ടലിലേക്ക് കൊണ്ടുപോയ കാറിലും ഡെനിസ് ഒപ്പമുണ്ടായിരുന്നു.
ഇന്ന് രാത്രി പുടിൻ മോദിക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി. അതിനു ശേഷം മോദി റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം ജൂലൈ 9,10 തീയതികളില്‍ അദ്ദേഹം ഓസ്ട്രിയയും സന്ദര്‍ശിക്കും. 1983-ല്‍ ഇന്ദിരാ ഗാന്ധി സന്ദര്‍ശിച്ചതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.